രാജസ്ഥാനിലെ ജ്വല്ലറി മോഷണം; ഉടമ വെടിയേറ്റ് മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ജ്വല്ലറിയിൽ മുഖംമൂടിധാരികളായ അഞ്ച് കവർച്ചക്കാർ ചേർന്ന് മോഷണം. കാമറയിൽ പതിഞ്ഞ ഇവർ ഓടി രക്ഷപ്പെടുന്നതിനിടെ നടന്ന വെടിവെപ്പിൽ ഉടമയടക്കം രണ്ട് പേർ മരിച്ചു. രാജസ്ഥാനിലെ ഭിവാഡിയിൽ ജ്വല്ലറിയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പ്രകാരം കമലേഷ് ജ്വല്ലേഴ്‌സ് എന്ന കടയിൽ വെള്ളിയാഴ്ച രാത്രി 7.30 ഓടെ കവർച്ചക്കാർ എത്തുന്നത്.

കവർച്ചക്കാർ അകത്തു കടക്കുമ്പോൾ കാവൽക്കാരൻ ഉൾപ്പെടെ നാലുപേരാണ് കടയിൽ ഉണ്ടായിരുന്നത്. തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയ കവർച്ചക്കാർ ജീവനക്കാരെ വടികൊണ്ട് അടിക്കാൻ തുടങ്ങി. തുടർന്ന് ഇവർ ചാക്കുകളിലും ബാഗുകളിലും ആഭരണങ്ങൾ നിറയ്ക്കാൻ തുടങ്ങി.

എന്നാൽ കടയുടമ ജയ് സിങ് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അവർ പുറത്തേക്ക് ഓടി കാറിനുള്ളിൽ കയറി. ജയ് സിങ് അവരുടെ പിന്നാലെ പാഞ്ഞുകയറി കാറിൽ നിന്ന് വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ അവർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ജയിന് പുറമെ സഹോദരൻ സാഗർ സോണി, ഗാർഡ് എന്നിവർക്കും പരിക്കേറ്റു. പൊലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലേക്ക് എത്തുന്നതിന് മുന്നെ തന്നെ ജയ് സിങ് മരിച്ചിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 10 മിനിറ്റ് മാത്രമാണ് കവർച്ചക്കാർ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. കവർച്ചക്കാരെ തിരിച്ചറിയാൻ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നിരവധി പേരാണ് സംഭവത്തിന്‍റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമത്തിലൂടെ പങ്ക് വെക്കുന്നത്.

പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നുംജയ്പൂർ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് അനിൽ ടാങ്ക് പറഞ്ഞു. ജില്ലയിൽ എല്ലായിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതികളെ പിടികൂടാൻ ഹരിയാന പൊലീസിന്‍റെ സഹായത്തോടെ റെയ്ഡും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jewelery Theft in Rajasthan; The owner was shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.