ചെങ്ങന്നൂർ: സംസ്ഥാന വ്യാപകമായി 10 കോടിയോളം രൂപയുടെ തൊഴിൽ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി ലെനിന്‍ മാത്യുവിനെ തിരുച്ചിറപ്പള്ളി വിമനത്താവളത്തിൽ തമിഴ്നാട് പൊലീസ് പിടികൂടി. എഫ്.സി.ഐ മുന്‍ ബോര്‍ഡ് അംഗമായ എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യുവാണ് തിങ്കളാഴ്ച രാവിലെ 11ഓടെ വലയിലായത്.
തിരുച്ചിറപ്പള്ളിയില്‍ നിന്നു മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കായി എത്തിയപ്പോഴാണ് ഇദ്ദേഹത്തെ പിടികൂടിയത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, റെയില്‍വേ തുടങ്ങിയ കേന്ദ്ര സർക്കാർ തൊഴില്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഇദ്ദേഹം ഒളിവിൽ കഴിയുകയായിരുന്നു.
ലെനിനെ കസ്റ്റഡിയില്‍ വാങ്ങാനായി ചെങ്ങന്നൂര്‍ പൊലീസ് തിരുച്ചിറപ്പള്ളിയിലേക്ക് പോയി. കേസിലെ കൂട്ടുപ്രതികളായ ചെങ്ങന്നൂർമുളക്കുഴ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും ബി.ജെ.പി നേതാവുമായ കാരയ്ക്കാട് മലയില്‍ സനു എന്‍. നായര്‍ (48), ബുധനൂര്‍ താഴുവേലില്‍ രാജേഷ്‌കുമാര്‍ (38) എന്നിവര്‍ അഞ്ച് മാസം മുമ്പ് പൊലീസിൽ കീഴടങ്ങിയിരുന്നു. സനുവും രാജേഷ്‌കുമാറും പിന്നീട് ജാമ്യത്തിലിറങ്ങി. മറ്റ് പ്രതികളായ ലെനിന്‍ മാത്യു, വിപിന്‍ വര്‍ഗീസ്, നിതിന്‍ കൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് തൊഴില്‍ തട്ടിപ്പിന് ഇരയായവർ മുളക്കുഴ കാരയ്ക്കാട് ജങ്ഷനിൽ നിന്ന് സനു എം. നായരുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.
16 പേരുടെ പരാതികളാണ് നിലവിലുള്ളത്. ഇതില്‍ ഏഴു പരാതിക്കാർ ജില്ല പൊലീസ് മേധാവി വി. ജയ്‌ദേവിനെ നേരില്‍ കണ്ടതോടെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടന്നത്. എന്നാല്‍ പ്രതികളായ ബിപിന്‍ വര്‍ഗീസ്, നിതിന്‍ കൃഷ്ണന്‍ എന്നിവരെ ആറു മാസം പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാന്‍ പൊലീസിനായിട്ടില്ല. ലെനിന്‍ മാത്യു പൊലീസ് പിടിയിലായതോടെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഇയാള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടിരുന്നെന്നും സൂചനയുണ്ട്. ലെനിൻ മാത്യു മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കവേ ട്രിച്ചി വിമാനത്താവളത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇയാൾക്ക് എതിരെ ചെങ്ങന്നൂർ പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുകയും ഉടൻ തന്നെ ഇയാളെ തടഞ്ഞു വെച്ചു ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.