ചേര്‍ത്തല: ജോലി വാഗ്ദാനം നൽകി കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാൻഡിലായ ഇന്ദുവിനെ (സാറ) പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു.
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും നിയമനം വാഗ്ദാനം ചെയ്തും വ്യാജ പ്രവേശനകത്തുകള്‍ നല്‍കിയും ഒരുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ തിരുവനന്തപുരം ജെ.എം അപ്പാര്‍ട്ടുമെന്റ് രണ്ട് ഡി ഫ്ലാറ്റില്‍ ഇന്ദു (സാറ-35), ചേര്‍ത്തല നഗരസഭ 34ാം വാര്‍ഡ് മന്നനാട്ട് വീട്ടില്‍ ശ്രീകുമാര്‍(53) എന്നിവരെയാണ് കഴിഞ്ഞദിവസം ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തത്. ഇന്ദുവിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ തിരുവനന്തപുരം വനിത ജയിലിലാണ്. ശ്രീകുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പണം വാങ്ങിയവരെ വിശ്വസിപ്പിക്കാനായി ഇവര്‍ വ്യാജരേഖകളുണ്ടാക്കിയ കമ്പ്യൂട്ടറും ഫോണും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ പ്രധാന തെളിവുകളായ കമ്പ്യൂട്ടറും ഫോണും കണ്ടെടുക്കാനാണ് പൊലീസ് ശ്രമം. ഇവര്‍ക്കെതിരെ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും കൂടുതല്‍ പരാതികളുണ്ട്. ഇതു സംബന്ധിച്ച് ഇവര്‍ പൊലീസിന് വ്യത്യസ്തമായ മൊഴിയാണ് നല്‍കിയത്. ഇവര്‍ക്ക് സഹായം നല്‍കിയവരുടെ പേരുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വിശ്വസനീയത ഉറപ്പാക്കിയിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ കൂടുതല്‍ തെളിവുകള്‍ ലഭിക്കൂവെന്ന നിഗമനത്തിലാണ് പൊലീസ്. സര്‍ക്കാര്‍ മുദ്രകള്‍ ഉള്പെടുത്തിയ വ്യാജ പ്രവേശന ലെറ്ററുകളും പൊതുമേഖല സ്ഥാപനങ്ങളുടെ വ്യാജ ലെറ്റര്‍ പാഡുകളും ഒരുക്കിയാണ് ഇവര്‍ ഇരകളെ വീഴ്ത്തിയിരുന്നത്. ചേര്‍ത്തല എസ്.ഐ എം.എം.വിന്‍സെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇന്ദുവിനെതിരെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ രണ്ടു സാമ്പത്തിക വഞ്ചനാകേസുകള്‍ നിലവിലുണ്ട്. വയനാട് അമ്പലവയല്‍ സ്റ്റേഷന് പരിധിയില്‍ ഒമ്പതുപേരില്‍ നിന്ന് 18 ലക്ഷം തട്ടിയതായി പരാതിയുണ്ട്.
നെയ്യാറ്റിന്‍കരയിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായ വിവരവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിയുടെ പേഴ്സനല്‍ സെക്രട്ടറിയുടെ മകളാണ് ഇന്ദു. ഇത്തരം ബന്ധങ്ങളും തട്ടിപ്പിനുപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇന്ദു നെയ്യാറ്റിന്‍കരയിലും ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചു. ഇതില്‍ പണം നഷ്ടപ്പെട്ടയാള്‍ ആത്മഹത്യചെയ്തതായാണ് പൊലീസിന് ലഭിച്ച സൂചന. ചേര്‍ത്തലയില്‍ എടുത്ത കേസുകളുമായി ഇതിനു ബന്ധമില്ല. അതിനാല്‍ നെയ്യാറ്റിന്‍കര പൊലീസാണ് ഇതിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.