കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന സംഭവം തികച്ചും ആസൂത്രിതം. കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കവർച്ച നടന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിലെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടിൽ ആൾ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്ന് സംശയം. കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണിപ്പോൾ അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളിൽ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാൾ ആണെങ്കിലും ഇയാൾക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരൽ അടയാളങ്ങളും കേസിൽ നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകൾ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്നത്. മൂന്നു മോഷ്ടാക്കള്‍ മതിൽ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
മന്ന സ്വദേശിയായ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽനിന്നാണ് ഒരു കോടി രൂപയും 1.70 കോടി വിലവരുന്ന 300 പവനും കഴിഞ്ഞദിവസം മോഷണം പോയത്. നവംബർ 19ന് മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ അഷ്റഫും കുടുംബവും ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
മുഖം മറച്ചനിലയിലാണ് മോഷ്ടാക്കൾ എത്തിയത്. വീട്ടിലെ ലോക്കറിന് മുകളിൽ മരത്തിന്റെ മറ്റൊരു അറ നിർമിച്ചാണ് സ്വർണവും പണവും സൂക്ഷിച്ചത്. താക്കോൽ മറ്റൊരു അലമാരയിലും അതിന്റെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്.
ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോൽ എടുത്തിരിക്കുന്നത്. ലോക്കറും താക്കോലുകളും സൂക്ഷിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് കവർച്ച. അഷ്റഫും കുടുംബവും യാത്രപോയ ദിവസം രാത്രിതന്നെ മോഷ്ടാക്കൾ എത്തിയെന്നാണ് വിവരം.
അടുക്കളഭാഗത്തെ ജനൽക്കമ്പി അടര്‍ത്തിയെടുത്താണ് അകത്തു കയറിയത്. മോഷണശേഷം പ്രതികൾ വളപട്ടണം റെയിൽവേ സ്റ്റേഷൻ വഴി കടന്നുകളഞ്ഞതായി സംശയിക്കുന്നു. വീടിനടുത്തെ ചെറിയ റോഡിലൂടെ മണംപിടിച്ച് ഓടിയ പൊലീസ് നായ് ഒരു കിലോമീറ്ററോളം സഞ്ചരിച്ച് വളപട്ടണം റെയിൽവേ സ്റ്റേഷനിലെത്തി നിന്നു. ചുരുക്കം ട്രെയിനുകൾ മാത്രം നിർത്തുന്ന ചെറിയ റെയിൽവേ സ്റ്റേഷനിൽ സി.സി.ടി.വി കാമറകളില്ലാത്തത് തിരിച്ചടിയാണ്.
കണ്ണൂർ റൂറൽ എസ്.പി അനൂജ് പാലിവാലിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീടും പരിസരവും പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.