കാസർകോട്: കോൺഗ്രസ് നേതാവ് ആദൂരിലെ കുണ്ടാർ ബാലനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവ് അനുഭവിക്കണം. ആദുർ കുണ്ടാറിലെ ഓബി രാധാകൃഷ്ണനെയാണ് (49) ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. മൂന്നു പ്രതികളെ വെറുതെവിട്ടു.
2008 മാർച്ച് 27ന് രാത്രി ഏഴുമണിക്കാണ് കേസിനാസ്പദമായ സംഭവം. കുണ്ടാറിലെ റോഡിനോടനുബന്ധിച്ചുള്ള തർക്കവുമായി ബന്ധപ്പെട്ട വിരോധത്തിൽ കാറിൽ വരികയായിരുന്ന കുണ്ടാർ ബാലനെ ഒന്നാം പ്രതി രാധാകൃഷ്ണൻ, കട്ടത്തുബയൽ വിജയൻ, കുണ്ടാറിലെ കെ. കുമാരൻ, അത്തനാടി ദിലീപ്കുമാർ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പരാതി. കാർ തടഞ്ഞുനിർത്തി ഒന്നാം പ്രതി ഓബി രാധാകൃഷ്ണൻ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ആദൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി നാലു പ്രതികൾക്കുമെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ആദൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ടി.പി. രഞ്ജിത്താണ്.
തുടർന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എൻ.ഒ. സിബിയാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.