ഈയടുത്തായി മലയാളം പത്രങ്ങളിൽ വന്ന വാർത്തകളുടെ തലക്കെട്ടുകളാണിത്. ഉത്തരേന്ത്യയിലോ മറ്റോ നടന്ന സംഭവമല്ല. എല്ലാം നടന്നത് നമ്മുടെ കേരളത്തിൽ. ഇരകളായത് നമ്മുടെ മക്കൾ. അതെ, നമുക്ക് ചുറ്റും ഭയപ്പെടുത്തുംവിധം ലഹരിയുടെ നീരാളി കൈകൾ പടർന്നു കയറിക്കൊണ്ടിരിക്കുന്നു. മാരകമായ വിപത്തായി മയക്കു മരുന്ന് മാറിക്കഴിഞ്ഞു. കുഞ്ഞുങ്ങൾ വരെ അതിന്‍റെ പിടിയിലമരുന്ന കാഴ്ചകളാണ് നിത്യവും ചുറ്റും നിറയുന്നത്. പ്രായ വ്യത്യാസമില്ലാതെ മയക്കു മരുന്നു കേസുകളിൽ പിടിയിലാവുന്നത് ഒരു വാർത്തയേ അല്ലാതായി. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പിടികിട്ടുന്നതിന് മുമ്പേ നമ്മുടെ മക്കളിൽ പലരും ഈ വിപത്തിന്‍റെ ഇരകളായി മാറുന്ന സംഭവങ്ങൾ ഏറി വരുകയാണ്. കേരളത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 21 വയസ്സിനു താഴെ പ്രായമുള്ളവർ ഉൾപ്പെട്ട 386 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഓരോ ദിവസവും ചുരുങ്ങിയത് രണ്ട് വിദ്യാർഥികളെങ്കിലും പിടിക്കപ്പെടുന്നുണ്ട്. സ്കൂൾ വിദ്യാർഥികളിൽ നിന്നു ലഹരി വസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സമീപകാലത്ത് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വൻ നഗരങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും മാത്രം കേട്ടിരുന്ന ലഹരി ഉപയോഗവും കേസുകളും നമ്മുടെ ഇടയിലുമെത്തിയിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിൽ ആൺ, പെൺ വ്യത്യാസമൊന്നും ഇല്ല. നമ്മുടെ പരിസരങ്ങളിൽ മാഫിയ സംഘങ്ങൾ എത്രത്തോളം വേരുറപ്പിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് 'മാധ്യമം' നടത്തിയ അന്വേഷണ പരമ്പര
'കൗമാരം ഒളിക്കുന്ന പുകമറ' ഇന്നു മുതൽ.
നാടും കുടുംബവും വേണ്ട... അവൾ ലഹരിയുടെ യാത്രയിലാണ്....
ജില്ലയിലെ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുന്ന സ്കൂളുകളിൽ പഠിച്ച് തുടർപഠനത്തിനായി ബംഗളൂരുവിൽ പോയ പെൺകുട്ടി ലഹരികടത്തിന്റെ പ്രധാന ഇടനിലക്കാരിയായ സംഭവം കുടുംബവും നാട്ടുകാരും ഇന്നും ഞെട്ടലോടെയാണ് ഓർക്കുന്നത്.
എം.ഡി.എം.എ പോലുള്ള മാരക ലഹരി മരുന്ന് ഉപയോഗിച്ച് ജീവിതം തന്നെ മാറിയ അവൾ, സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഇന്ന് ലഹരിയുടെ 'മായാ' ലോകത്താണ്. ലഹരിക്കടിമപ്പെട്ട പെൺകുട്ടിയെ ഒരോ ദിവസവും പത്തിലേറെ പേർ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ മനസ്സിലായി. ബംഗളൂരുവിലെ പഠനകാലത്തിനിടയിലാണ് ലഹരി കച്ചവടത്തിലെ പ്രധാനിയായിരുന്ന കോയമ്പത്തൂർ സ്വദേശിയുടെ ഇടനിലക്കാരിയായി അവൾ പ്രവർത്തിച്ചു തുടങ്ങിയത്. ലഹരി കടത്തിനും ഉപയോഗത്തിനും അടിമയായ പെൺകുട്ടിയെ അവസാനം കുടുംബത്തിനും കൈവിട്ടുപോയി.
കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയപ്പോൾ അവൾ രേഖകളിൽ പേരും മതവും മാറ്റി രക്ഷപ്പെട്ടു. കൗൺസലിങ് നടത്തി യഥാർഥ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തിയെങ്കിലും മയക്കു മരുന്നിന്‍റെ ലോകം അവളെ പറിച്ചെടുത്തിരുന്നു.
'സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തിനായി ലഹരി മാഫിയ ഉപയോഗിക്കുന്നത് വിദ്യാർഥികളെ'
'21 വയസ്സിൽ താഴെയുള്ള രണ്ടായിരത്തോളം പേരാണ് അടുത്തിടെയായി മയക്കുമരുന്നുമായി പിടിയിലായത്'
'ഓൺലൈൻ ലഹരിവിൽപന നടത്തിയതിന് ബംഗളൂരുവിൽ മലയാളി വിദ്യാർഥി പിടിയിൽ'
അഞ്ചു വർഷത്തിനിടെ കേരളത്തിലെ ലഹരി കേസുകൾ വർഷം കേസുകൾ (എണ്ണം)
2018 47488
2019 53366
2020 35072
2021 44654
2022 (ആഗസ്റ്റ് വരെ) 43490
ആറു വർഷത്തിനിടെ ശിക്ഷിച്ചത് 16,980 പേരെ
മൂന്ന് വർഷത്തിനിടെ പ്രായപൂർത്തിയാവാത്തവരിൽ നിന്ന് പിടിച്ചെടുത്ത ലഹരി
കഞ്ചാവ് 35 കിലോ
കഞ്ചാവ് ചെടി 3 എണ്ണം
ഹാഷിഷ് ഓയിൽ 78 ഗ്രാം
അനധികൃത മദ്യം 130 ലിറ്റർ
ട്രമഡോൾ 14 ഗ്രാം
എം.ഡി.എം.എ 5 ഗ്രാം
നൈട്രോസെപ്പാം 5 ഗ്രാം
ചരസ് 2 ഗ്രാം
2016 ജൂൺ മുതൽ കഴിഞ്ഞ ആറു വർഷക്കാലം ലഹരി മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ഗുരുതര വകുപ്പുകൾ ചുമത്തി 30,869 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. അതിൽ 29,208 കേസുകളിൽ കുറ്റപ്പത്രം സമർപ്പിച്ചു. 16,980 പ്രതികളെയാണ് വിവിധ കേസുകളിലായി ഇതുവരെ ശിക്ഷിച്ചത്. 1078 കേസുകളിൽ തെളിവില്ലായെന്ന് കണ്ടെത്തി വെറുതെ വിട്ടു. ഈ കാലയളവിൽ പ്രായപൂർത്തിയാകാത്തവർ ലഹരി മരുന്ന് വിൽപ്പനക്ക് പിടിക്കപ്പെട്ടതായി 215 കേസുകളുണ്ട്.
2016നു ശേഷം സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ നിന്ന് ലഹരി വസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 69 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത്തരത്തിൽ പിടികൂടുന്ന വിദ്യാർഥികളെ കുറിച്ച് കൂടുതലും റിപ്പോർട്ട് ചെയ്യാറില്ല. പ്രായത്തിന്‍റെ ആനുകൂല്ല്യത്തിൽ ലഹരി ഉപയോഗിക്കുന്നവരും വിൽപ്പനക്കാരുമായ നിരവധി കുട്ടികളാണ് ശിക്ഷ നടപടികളിൽ നിന്നു രക്ഷപ്പെട്ടത്. ഈ കുട്ടികൾ തന്നെ വീണ്ടും ലഹരിയുമായി പിടിക്കപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.