2021 ജനുവരിമുതൽ നവംബർ 30 വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പ്രധാന ക്രിമിനൽ കേസുകൾ
കൊലപാതകം -297
വധശ്രമം -547
തട്ടിക്കൊണ്ടുപോകൽ -327
തട്ടിപ്പ് -59
കവർച്ച -701
പിടിച്ചുപറി -1811
മോഷണം -2749
സംഘർഷങ്ങൾ -1993
പരിക്കേൽപിക്കൽ -12,511
മറ്റ് ക്രിമിനൽ കുറ്റകൃത്യങ്ങൾ എല്ലാം ചേർത്ത് ആകെ രജിസ്റ്റർ ചെയ്തത് -1,29,278
ഒരു മനുഷ്യനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടശേഷം അട്ടഹസിക്കുന്ന ഗുണ്ട, യുവാവിനെ വീട്ടിലിട്ട് മൃഗീയമായി കൊന്നശേഷം കാൽവെട്ടിയെടുത്ത് പരസ്യമായി റോഡിൽ ഉപേക്ഷിക്കുന്ന അക്രമികൾ, വീട്ടിൽ അതിക്രമിച്ചുകയറി ക്രൂരമായി മർദിക്കുകയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്യുന്നവർ, ... പണ്ട് വടക്കേ ഇന്ത്യയിൽ നിന്ന്മാത്രം കേട്ടിരുന്ന, മറുനാടൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ഗുണ്ടാസംഘങ്ങളുടെ ചോരക്കളി ഇന്ന് കേരളത്തിൽ നിത്യസംഭവമായിരിക്കുന്നു. കുറ്റകൃത്യം നടത്തി പിടിയിലായാലും ദിവസങ്ങൾക്കകം പുറത്തിറങ്ങി വീണ്ടും സമാന കുറ്റങ്ങളിലേർപ്പെടാൻ കഴിയുന്ന ശക്തരായി മാറിയിരിക്കുന്നു ഗുണ്ടാസംഘങ്ങളിലെ ഇളമുറക്കാർ പോലും.
കേരളത്തിലെ എല്ലാ ജില്ലകളും ഇന്ന് ഗുണ്ടാ, മാഫിയ സംഘങ്ങളുടെ പിടിയിലാണ്. നിത്യേന കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണം അത് ശരിവെക്കുന്നു. മയക്കുമരുന്നിന്റെ സ്വാധീനം യുവാക്കളെ കൂടുതലായി ഗുണ്ടാസംഘങ്ങളിലേക്ക് ആകർഷിക്കുന്നെന്നാണ് പൊലീസ് വിലയിരുത്തൽ. സ്ത്രീകളും പ്രഫഷനൽ ബിരുദമുള്ള യുവാക്കൾപോലും ഈ സംഘങ്ങളിലുണ്ട്. മുമ്പ് രാഷ്ട്രീയ പാർട്ടികളുടെ ക്രിയാത്മക ഇടപെടലാണ് ഓരോ പ്രദേശങ്ങളെയും അതിക്രമങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തിപ്പോന്നിരുന്നത്. ഗുണ്ടകളെ തലപൊക്കാൻ എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പാർട്ടികൾ പ്രാദേശികമായി അനുവദിച്ചിരുന്നില്ല. എന്നാൽ, രാഷ്ട്രീയ പിൻബലവും അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള പണമൊഴുക്കും വന്നതോടെ ഗുണ്ടകൾക്ക് തഴച്ചു വളരാനുള്ള മണ്ണൊരുങ്ങി കേരളത്തിൽ. കേന്ദ്ര ഭരണത്തിൽ പിടിയുള്ള ആളുകൾ എന്നപേരിൽ പുതു സംഘങ്ങൾ കടുത്ത ഭീകരതയാണ് അഴിച്ചുവിടുന്നത്. പാർട്ടി ഘടകങ്ങളിൽപോലും ഗുണ്ടാ സംഘങ്ങൾ സ്വാധീനം ചെലുത്തുന്നെന്ന സത്യം സംഘടന റിപ്പോർട്ടിൽ ഇടംപിടിച്ചെങ്കിൽ കേരളം എത്തിനിൽക്കുന്നത് നാശത്തിന്റെ പാതയിലെന്ന് വ്യക്തം.
അകത്തായത് 14,014 ഗുണ്ടകളെങ്കിൽ പുറത്തെത്ര?
ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനവും കൊലപാതകങ്ങളും തുടർക്കഥയായപ്പോൾ 'ഓപറേഷൻ കാവൽ' എന്ന പേരിൽ കണ്ണിൽ പൊടിയിടാനിറങ്ങിത്തിരിച്ച പൊലീസ് ഒരുമാസംകൊണ്ട് പിടികൂടിയത് 14,014 ഗുണ്ടകളെ. ഗുണ്ടാനിയമപ്രകാരം 224 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 16 വരെയുള്ള കണക്കാണിത്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ശേഷിക്കുന്ന ഗുണ്ടകളുടെ കണക്ക് എത്രയാകുമെന്നത് ഞെട്ടിക്കുന്നതാണ്.
ഇക്കാലയളവിൽ പൊലീസ് സംസ്ഥാന വ്യാപകമായി 19,376 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 6,305 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു. ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് -1606 . ആലപ്പുഴയിൽ 1337 പേരും കൊല്ലം സിറ്റിയിൽ 1152 പേരും കാസർകോട് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈലുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽനിന്നാണ് -1188 എണ്ണം. ഇത്രയും പേരെ പിടികൂടിയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ഗുണ്ട, കൊലയാളി സംഘങ്ങളുടെ അഴിഞ്ഞാട്ടം തുടരുകയാണെന്ന് സത്യം.
നോക്കുകുത്തിയായി നിയമസംവിധാനം
പൊലീസ് കൈക്കൊള്ളുന്ന നടപടികളൊന്നും ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ പര്യാപ്തമല്ലെന്നാണ് നിത്യേന കേരളത്തിലങ്ങോളമിങ്ങോളമുള്ള സംഭവങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഗുണ്ടാപ്രവർത്തനത്തിന് തടയിടാൻ സംസ്ഥാനത്ത് നടപ്പാക്കിയ ഗുണ്ടാപ്രവർത്തന നിരോധന നിയമം (കാപ്പ) ഫലം കാണുന്നില്ലെന്നതാണ് മറ്റൊരു സത്യം. കരുതൽ തടവിന് വിധിക്കാനുള്ള അധികാരത്തെ ചൊല്ലിയുള്ള തർക്കവും നിയമം നടപ്പാക്കുന്നതിന് പ്രധാന തടസ്സമാണ്. പൊലീസ് മേധാവിക്കാണോ ജില്ല കലക്ടർക്കാണോ ഇതിനുള്ള അധികാരം എന്നതിനെ ചൊല്ലിയുള്ള തർക്കം വർഷങ്ങളായുണ്ട്.
ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പൊലീസ് തയാറാക്കി നൽകുന്ന പട്ടിക പലപ്പോഴും ജില്ല ഭരണകൂടം അംഗീകരിക്കാറില്ല. ഒരുവർഷത്തിനിടെ 399ലധികം കൊലപാതകങ്ങൾ ഉൾപ്പെടെ 1,29,278 കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ക്രമസമാധാനനില എത്ര മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാകും. രാഷ്ട്രീയപാർട്ടികളുടെ പിന്തുണകൂടി ലഭിക്കുന്നതോടെ ഗുണ്ടാസംഘങ്ങൾക്ക് യഥേഷ്ടം വിളയാട്ടം നടത്താനാകുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.