എറണാകുളം കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കിെറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയത് അഴിഞ്ഞാട്ടമെന്ന് ദൃക്സാക്ഷി സരുൺ. സുഹൃത്തിന്‍റെ വീട്ടിൽ നിന്നും മടങ്ങിവരുമ്പോഴാണ് രണ്ട് പൊലീസ് ജീപ്പുകൾ സ്ഥലത്ത് കിടക്കുന്നത് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥനെ തൊഴിലാളികൾ സംഘം ചേർന്ന് മർദിക്കുന്നതാണ് അടുത്തെത്തിയപ്പോൾ കണ്ടത്. പൊലീസുകാരെ വാഹനത്തിന് പുറത്തിറങ്ങാൻ സമ്മതിക്കാതിരുന്ന അക്രമികൾ കല്ലേറ് നടത്തി. വാഹനത്തിന്‍റെ താക്കോൽ അക്രമികളിലൊരാൾ കൈക്കലാക്കി.
ഡ്രൈവറുടെ കൈ അക്രമികൾ ചവിട്ടിയൊടിച്ചു. കല്ലേറിൽ മറ്റ് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ തലക്കാണ് കല്ല് കൊണ്ടത്. വാഹനത്തിനുള്ളിൽ പൊലീസുകാരെ തടഞ്ഞുവെച്ച തൊഴിലാളികൾ പിന്നീട് തീയിട്ടു. പ്രാണരക്ഷാർഥം പൊലീസുകാർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഘർഷം രൂക്ഷമായതോടെ വിവരം കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും അറിയിക്കുകയായിരുന്നുവെന്ന് സരുൺ പറഞ്ഞു.
ശനിയാഴ്ച അർധരാത്രിയാണ് കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികൾ താമസസ്ഥലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇതിനിടെയാണ് പ്രശ്നം പരിഹരിക്കാനെത്തിയ പൊലീസിന് നേരെ അക്രമികൾ തിരിഞ്ഞത്. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമികൾ മർദ്ദിച്ചു. പൊലീസുകാരെ പുറത്തിറങ്ങാൻ അനുവദിക്കാത്ത തൊഴിലാളികൾ വാഹനത്തിന് നേരെ കല്ലേറ് നടത്തി. കല്ലേറിൽ വാഹനത്തിന്‍റെ ഗ്ലാസുകൾ തകർന്നു.
ഇതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂം വാഹനത്തിന് നേരെ അക്രമികൾ തിരിഞ്ഞത്. വാഹനത്തിലുള്ളവരെ തൊഴിലാളികൾ തടഞ്ഞുവെച്ച് തീയിട്ടു. അഗ്നിക്കിരയായ വാഹനത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇറങ്ങി ഒാടിയതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കല്ലേറിലും ആൾക്കൂട്ട മർദനത്തിലും ഗുരുതര പരിക്കേറ്റ സി.ഐ അടക്കമുള്ളവർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി ഒളിച്ചിരുന്ന തൊഴിലാളികളെ പുലർച്ചെ നാലുമണിയോടെ കൂടുതൽ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. എ.ആർ. ക്യാമ്പിൽ നിന്ന് 500 പൊലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.