കിഴക്കമ്പലം: കിറ്റെക്സ് കമ്പനിയിലെ അന്തർ സംസ്ഥാന തൊഴിലാളികള്‍ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 164 പേരെ കോടതിയില്‍ ഹാജരാക്കി ജയിലുകളിലേക്ക് മാറ്റി. മൂവാറ്റുപുഴ, കാക്കനാട്, വിയ്യൂര്‍ ജയിലുകളിലേക്കാണ് മാറ്റിയത്. പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചതിന് 51 പേർക്കെതിരെയും പൊതുമുതല്‍ നശിപ്പിച്ചതിന് 113 പേർക്കെതിരെയുമാണ് കേസെടുത്തത്. അസം, ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങി പത്തോളം സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതികള്‍. ശനിയാഴ്ച രാത്രി കിറ്റെക്സ് തൊഴിലാളികളുടെ താമസ സ്ഥലത്ത് നടന്ന ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. അക്രമത്തിൽ ഏഴു പൊലീസുകാര്‍ക്ക് പരിക്കേറ്റു.
അതേസമയം, തൊഴിലാളികളെ അക്രമത്തിലേക്ക് നയിച്ചതിന്റെ കാരണം പൊലീസിന് കണ്ടെത്താനായിട്ടില്ല. അക്രമത്തിന് നേതൃത്വം നല്‍കിയവരെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനും കൂടുതല്‍ ചോദ്യം ചെയ്യാനുമാണ് പൊലീസ് നീക്കം. എന്തുപയോഗിച്ചാണ് പൊലീസ് വാഹനം കത്തിച്ചതെന്നും കണ്ടെത്തേണ്ടതുണ്ട്. മദ്യത്തിനുപുറമെ മറ്റ് ലഹരിവസ്തുക്കളും പ്രതികള്‍ ഉപയോഗിച്ചതായി സംശയിക്കുന്നു.
കമ്പനി നിയന്ത്രണത്തിലെ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിച്ചതിലും ദുരൂഹതയുണ്ട്. ഇതിനിടെ, രാഷ്ട്രീയ പകപോക്കലും കിറ്റെക്സ് അടച്ചുപൂട്ടാനുള്ള ശ്രമവും ആരോപിച്ച് കമ്പനി എം.ഡി സാബു എം. ജേക്കബും രംഗത്തുണ്ട്. 164 പേരില്‍ 23 പേര്‍മാത്രമാണ് പ്രതികളെന്നും ബാക്കി നിരപരാധികളാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.