തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും പെണ്‍സുഹൃത്ത് വഫക്കുമെതിരെ ചുമത്തിയ മനഃപൂർവമായ നരഹത്യക്കുറ്റം കോടതി ഒഴിവാക്കി.
പ്രതികൾ സമർപ്പിച്ച വിടുതൽ ഹരജി പരിഗണിച്ചാണ് ഉത്തരവ്. തങ്ങൾക്കെതിരെ 304ാം വകുപ്പ് നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, 304 (എ) പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കും. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാമായിരുന്ന കുറ്റത്തിൽനിന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇനി കേസ് സാധാരണ വാഹനാപകടമായായിരിക്കും പരിഗണിക്കുക.
പ്രതികള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടണമെന്ന് നിർദേശിച്ച് തിരുവനന്തപുരം ഒന്നാം അഡീ. ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ കേസ് കീഴ്ക്കോടതിയുടെ പരിഗണനക്ക് വിട്ടു. എന്നാൽ, മദ്യപിച്ചോയെന്ന് കണ്ടെത്താൻ രക്തസാമ്പിളെടുക്കുന്നത് ബോധപൂര്‍വം തടസ്സപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍റെ നടപടി തെളിവ് നശിപ്പിക്കലിന്‍റെ ഭാഗമായിരുന്നെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കാതെയാണ് ഉത്തരവെന്നും പുനഃപരിശോധന ഹരജി സമർപ്പിക്കുമെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.എ. ഹക്കീം വ്യക്തമാക്കി.
ശ്രീറാമിന്‍റെയും വഫയുടെയും വിടുതല്‍ ഹരജികള്‍ ഭാഗികമായി അനുവദിച്ച കോടതി മജിസ്‌ട്രേറ്റ് കോടതി വിചാരണ ചെയ്യേണ്ട മനഃപൂർവമല്ലാത്ത മരണം സംഭവിപ്പിക്കലിന് 304 (എ) വകുപ്പ് പ്രതികള്‍ക്കുമേല്‍ ചുമത്തണമെന്നും നിര്‍ദേശിച്ചു. ഇതിനായി പ്രതികള്‍ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവംബര്‍ 20ന് ഹാജരാകണം.
മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മി.ലിറ്റർ രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നിരിക്കെ, പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13ാം രേഖയായ കെമിക്കല്‍ അനലിസിസ് റിപ്പോര്‍ട്ടില്‍ പ്രതിയുടെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നത് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.
എന്നാല്‍, അപകടത്തിന് തൊട്ടുപിന്നാലെ, രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നും ഡോക്ടറായ പ്രതി ബോധപൂര്‍വം തെളിവ് നശിപ്പിക്കാനാണിത് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് നിരാകരിച്ചാണ് കോടതി പ്രതികളുടെ വിടുതല്‍ ഹരജിയിലെ ആവശ്യം അംഗീകരിച്ചത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിൽ പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയത് അധികാരിവർഗത്തിന്‍റെ ഒത്തുകളിയുടെ വിജയം. സംഭവമുണ്ടായതുമുതൽ ഐ.എ.എസ്-ഐ.പി.എസ് ലോബിയുടെ ഇടപെടൽ മൂന്നുവർഷത്തിനു ശേഷം വിജയിച്ചതായാണ് തിരുവനന്തപുരം അഡീ. സെഷൻസ് കോടതി വിധി വ്യക്തമാക്കുന്നത്.
കെ.എം. ബഷീറിന് നീതി ലഭിക്കുമെന്ന് സർക്കാറും മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാർട്ടികളും നൽകിയ ഉറപ്പാണ് പാഴായത്. വിധിക്കെതിരെ പുനഃപരിശോധന ഹരജി സമർപ്പിക്കുമെന്ന് അവകാശപ്പെടുമ്പോഴും അന്വേഷണത്തിലെയും പ്രോസിക്യൂഷന്‍റെയും പിഴവാണ് പ്രതികൾക്ക് അനുകൂലമായത്.
കേരള പത്രപ്രവർത്തക യൂനിയനും ബഷീറിന്‍റെ ബന്ധുക്കളും സിറാജ് പത്രമാനേജ്മെന്‍റും എന്തു തുടർനടപടി സ്വീകരിക്കുമെന്നതും കേസിൽ നിർണായകമാണ്.
മദ്യലഹരിയിൽ വാഹനമോടിച്ചാണ് അപകടം വരുത്തിയെന്നത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും അന്വേഷണസംഘവും പരാജയപ്പെട്ടു. കവടിയാറിന് സമീപത്തെ ഐ.എ.എസ് ക്ലബിൽനിന്ന് മദ്യപിച്ചിറങ്ങിയ ശ്രീറാം സുഹൃത്തായ വഫക്കൊപ്പം കാറിൽ ചീറിപ്പാഞ്ഞതാണ് ബഷീറിന്‍റെ മരണത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ശ്രീറാം മദ്യപിച്ചിരുന്നോയെന്ന പരിശോധന നടത്താതെ മ്യൂസിയം പൊലീസ് ആദ്യം തുടങ്ങിവെച്ച കള്ളക്കളി പിന്നീടും തുടർന്നു. വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നു. സംഭവം കഴിഞ്ഞ് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയത്. അതിനാൽ മദ്യപിച്ചിരുന്നോയെന്ന് തെളിയിക്കാനായില്ല.
വാഹനത്തിന്‍റെ വേഗം ഉൾപ്പെടെ ശാസ്ത്രീയമായി കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ, കോടതിയിൽ തെളിയിക്കാനായില്ല. കേസിലെ പ്രതി ശ്രീറാമിനെ ജില്ല കലക്ടർ തസ്തികയിൽ സർക്കാർ നിയമിച്ചെങ്കിലും വ്യാപക പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.