മംഗളൂരു: കള്ളന്റെ വേഷമിട്ട് 92 വയസ്സുള്ള സ്വന്തം മുത്തശ്ശിയെ കൊള്ളയടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കൽ ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ നവീൻ നായിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് ബുധനാഴ്ച രാത്രിയാണ് താജമ്മുൾ ഹസൻ അസ്കേരിയെ(33) അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ അജ്ഞാത പുരുഷൻ വീട്ടിൽ അതിക്രമിച്ചു കയറി തന്റെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതായി വയോധിക പരാതിപ്പെട്ടതാണ് യുവാവിന്റെ അറസ്റ്റിൽ കലാശിച്ചത്.
വീട്ടിലെ സ്ത്രീകൾ പുലർച്ചെ പ്രാർഥനയിലായിരുന്നു. റമദാനിലെ പുലർച്ചെയുള്ള അത്താഴം കഴിഞ്ഞ് പുരുഷന്മാർ പള്ളിയിൽ പ്രാർഥനക്കായി പോവുകയും ചെയ്തു. ഈ നേരമാണ് കവർച്ച നടന്നത്. സഹായത്തിനായി വിളിക്കാൻ ശ്രമിച്ചപ്പോൾ അക്രമി തന്റെ വായ മൂടി കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് വൃദ്ധ പറഞ്ഞു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് നാല് മിനിറ്റിനുള്ളിൽ കുറ്റകൃത്യം നടന്നതായും പ്രതി തടസ്സമില്ലാതെ അകത്തുകടന്ന് പോയതായും വ്യക്തമായി.
കവർച്ചക്ക് ശേഷം കുറ്റവാളിയെ കണ്ടെത്താൻ അധികാരികളെ സഹായിക്കുന്നതായി നടിച്ച് മുത്തശ്ശിക്കുവേണ്ടി പ്രതി തന്നെ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണം പുരോഗമിക്കുമ്പോൾ, പൊലീസിന് അയാളുടെ നീക്കങ്ങളിൽ സംശയം തോന്നി. ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു.
കുറ്റകൃത്യം ചെയ്തതിന് ശേഷം പ്രതി ആദ്യം വീട്ടിൽ തന്നെ കഴിഞ്ഞിരുന്നുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം പൊലീസ് തന്നെ വളയുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടുവെന്ന് കുടുംബ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ആദ്യത്തെ ശ്രമമല്ല ഇതെന്നും അവർ വെളിപ്പെടുത്തി. മുമ്പ് സമാനമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നെങ്കിലും കുടുംബം അത് ഒതുക്കിത്തീർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.