ബേപ്പൂർ: അരക്കിണർ മുണ്ടകൻ പാടത്ത് വീട്ടിൽ നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങൾ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ ഒന്നര വർഷത്തിനുശേഷം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
മുണ്ടകൻപാടം കനാലിനുസമീപം ബൈത്തുൽ ജന്നയിൽ സി.വി. റജീന നസ്തുവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറും ബൈക്കും കത്തിച്ചതിന് അയൽവാസി ബിച്ച മൻസിലിൽ മുഹമ്മദ് മുബശ്ശിറി( 26)നെയാണ് മാറാട് പൊലീസ് ഇൻസ്പെക്ടർ എൻ. രാജേഷ് കുമാർ നടത്തിയ അന്വേഷണത്തെ തുടർന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞവർഷം മാർച്ച് 18ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
വാഹനങ്ങൾക്ക് തീയിട്ട ദിവസം വീട്ടുകാർക്ക് കാണാൻ വേണ്ടി ചുമരിൽ സംഭവം എഴുതിവെച്ചിരുന്നു. എഴുത്തിലെ കൈയക്ഷരമാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്. 'ഫസ്റ്റ് വാണിങ് , നെക്സ്റ്റ് മരണം' എന്ന് വീടിന്റെ മതിലിൽ പ്രതി എഴുതിയിരുന്നത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാണ് മുബശ്ശിറിനെ തിരിച്ചറിഞ്ഞത്.
സബ് ഇൻസ്പെക്ടർ കെ.വി. ശശികുമാർ, പൊലീസുകാരായ കെ. സാജു, ഇ. ശ്രീജേഷ്, എം. സുധീഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി മാറാട് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.