കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതിക്ക് 20 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. വൈക്കം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശ്ശേരി ലക്ഷംവീട് കോളനിയിൽ അഖിലി(ലെങ്കോ -32)നെയാണ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 20 വർഷം തടവ് അനുഭവിക്കണം. 2019 ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഖിലിനെ പിടികൂടാനാണ് വൈക്കം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി വീട്ടിൽ നിന്ന് ഓടാൻ ശ്രമിച്ചു. പിന്നാലെ ഓടിയെത്തിയ റെജിമോനെ മരക്കമ്പ് ഉപയോഗിച്ച് ആക്രമിച്ചശേഷം പാടത്തേക്ക് തള്ളിയിട്ട് ശരീരത്തിൽ കയറിയിരുന്ന് ആക്രമിക്കുകയായിരുന്നു.
വൈക്കം എസ്.ഐയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചുമാറ്റിയാണ് റെജിമോനെ രക്ഷിച്ചത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി വിവിധ വകുപ്പുകളിലായി 26ഓളം കേസുണ്ട്. പ്രതിക്കെതിരെ 294 ബി, 324, 333, 332, 506 (2) വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്.
വൈക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എസ്. പ്രദീപാണ് കുറ്റപത്രം സമർപ്പിച്ചത്.15 സാക്ഷികളെ വിസ്തരിച്ചു. 19 പ്രമാണവും നാല് തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ജിതേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.