തൃശൂർ: ഫേസ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് വിദേശപണവും സ്വർണവും പാഴ്സലായി അയക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മണിപ്പൂർ സ്വദേശികളായ ദമ്പതികൾ പിടിയിൽ. മണിപ്പൂർ സദർഹിൽസ് തയോങ് വില്ലേജ് സ്വദേശി സെർതോ റുഗ്നെയ്ഹുയി കോം (36), ഭർത്താവ് സെർതോ ഹൃങ്നെയ്താങ് കോം (35) എന്നിവരാണ് പിടിയിലായത്. വിദേശത്തുള്ള ഡോക്ടറാണെന്ന് സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
തൃശൂർ സ്വദേശിയായ യുവതിയിൽനിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബംഗളൂരുവിൽനിന്നാണ് ഇവരെ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. പാഴ്സൽ കമ്പനിയിൽനിന്നാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുസംഘത്തിലെ പ്രധാനിയായ സെർതോ റുഗ്നെയ്ഹുയി കോം സ്ത്രീകളെക്കൊണ്ട് പണം അയപ്പിച്ചിരുന്നത്. വിദേശപണവും സ്വർണവും ഇന്ത്യയിലേക്ക് അയക്കാൻ നികുതിയും ഇൻഷുറൻസും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൻതുകകൾ വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയാണ് രീതി. ഭർത്താവ് സെർതോ ഹൃങ്നെയ്താങ് കോം ആണ് തട്ടിപ്പിനാവശ്യമായ ബാങ്ക് അക്കൗണ്ടുകളും സിംകാർഡുകളും വ്യാജമായി നിർമിച്ചിരുന്നത്.
പണം കൈപ്പറ്റിയ ശേഷം, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നത് നിയമവിരുദ്ധമാണെന്നും സംഭവം റിസർവ് ബാങ്കിനെയും പൊലീസിനെയും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടും. ഡൽഹിയും ബംഗളൂരുവും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടുമാസം കൂടുമ്പോൾ താമസം മാറ്റുന്നതായിരുന്നു പ്രതികളുടെ രീതി. ബംഗളൂരുവിൽ പത്തുദിവസത്തോളം താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് നിരവധി മൊബൈൽ ഫോണുകൾ, എ.ടി.എം കാർഡുകൾ, സിം കാർഡുകൾ, ചെക്ക്ബുക്കുകൾ എന്നിവ കണ്ടെടുത്തു.
മറ്റ് സംസ്ഥാനങ്ങളിലുള്ള നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു. ബംഗളൂരു കോടതിയിൽ ഹാജരാക്കിയ പ്രതികളെ തൃശൂരിലെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു. അപരിചിതരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽനിന്ന് വരുന്ന സൗഹൃദാഭ്യർഥനകളിൽ ജാഗ്രത പുലർത്തണമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.