ശ്രീകണ്ഠപുരം: ജില്ലയിലെ മയക്കുമരുന്ന് വിൽപന സംഘത്തിലെ പ്രധാനിയെ മണിക്കൂറുകള്‍ നീണ്ട സാഹസിക നീക്കത്തിലൂടെ ശ്രീകണ്ഠപുരം പൊലീസും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് പിടികൂടി. ശ്രീകണ്ഠപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പ് മുറിയന്‍ ഷബീറിനെയാണ് (42) തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന് കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീകണ്ഠപുരം എസ്.ഐ എം.വി. ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചക്ക് 2.30 മുതൽ രാത്രി 10 വരെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2.30ഓടെ ഷബീറിന്റെ വീടിന് മുന്നിലെത്തിയ പൊലീസ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. തുടർന്ന് ഏഴടി ഉയരമുള്ള മതില് ചാടിക്കടന്നാണ് പൊലീസ് മുറ്റത്തെത്തിയത്. ഇതോടെ ഷബീര്‍ മുറിക്കകത്ത് കയറി വാതിലടച്ചു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിക്കുമെന്ന് പൊലീസ് പറഞ്ഞതോടെ തുറക്കുകയായിരുന്നു.
ഇവിടെനിന്ന് 2.2 ഗ്രാം എം.ഡി.എം.എയും എം.ഡി.എം.എ നിറക്കാൻ ഉപയോഗിക്കുന്ന 3500 പാക്കറ്റുകളും ലഹരിമരുന്ന് കത്തിച്ച് ഉപയോഗിക്കുന്നതിനുള്ള ബര്‍ണറും പിടിച്ചെടുത്തു. അതിനുശേഷം രാത്രി 7.30ഓടെ പൊലീസ് മഹസര്‍ തയാറാക്കുന്നതിനിടെ ശുചിമുറിയില്‍ പോകണമെന്ന് ഷബീര്‍ ആവശ്യപ്പെടുകയും ഒപ്പമുണ്ടായിരുന്ന ഡാന്സാഫുകാരനെ തള്ളിയിട്ട് മതില് ചാടി രക്ഷപ്പെടുകയുമായിരുന്നു.
ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഷബീറിനെ രാത്രി 10ഓടെ പൊലീസ് കണ്ടെത്തിയത്. വീഴ്ചയില്‍ തുടയെല്ലിന് സാരമായി പരിക്കേറ്റ ഷബീറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് തറവാട്ട് വീട്ടില്‍ നിന്നെത്തിയ ഷബീറിന്റെ ഉമ്മ ആയിഷ (55) പൊലീസുകാരെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ക്കെതിരെയും കേസെടുത്തു.
2018 നവംബര്‍ 13, 19 തീയതികളിൽ പറശ്ശിനിക്കടവ് ലോഡ്ജിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷബീര്‍. കുറച്ചുകാലം എറണാകുളം കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാട് നടത്തിയത്. തൃക്കാക്കരയില്‍ 12 ഗ്രാം എം.ഡി.എം.എ സഹിതം പിടിയിലായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം അടുക്കത്തെ വീട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2023 ജൂലൈ 23ന് ഇയാളുടെ സംഘത്തില്‍പ്പെട്ട അടുക്കത്തെ സജു (44), ചേരന്‍കുന്നിലെ മുഹമ്മദ് ഷഹല്‍ (24) എന്നിവരെ 14.06 ഗ്രാം എം.ഡി.എം.എ സഹിതം പൊലീസ് ഇൻസ്പെക്ടർ രാജേഷ് മാരാംഗലം അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാള്റോഡില് പൊലീസ് വാഹനത്തില്‍ കാറിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ ഇയാളുടെ റാക്കറ്റില്‍പ്പെട്ടവരാണ്. വളക്കൈയിൽ കഴിഞ്ഞ മാസം എം.ഡി.എം.എ സഹിതം പിടിയിലായ വീരാജ്പേട്ട സ്വദേശി ഷാനുവും ഷബീറിന്റെ സംഘാംഗമാണ്.
എ.എസ്.ഐമാരായ സുരേഷ്, അലി അക്ബര്‍, സീനിയര്‍ സി.പി.ഒ മധു എന്നിവര്‍ ഉള്‍പ്പെടെ എട്ടംഗ സംഘമാണ് ഓപറേഷനില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.