ചെന്നൈ: യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. ഇറോഡ് റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ വിഭാഗത്തിൽ ഹെൽപ്പറായി ജോലി ചെയ്യുന്ന സെന്തിൽ കുമാറാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സഹായിക്കാനെന്ന വ്യാജേന ലഗേജുകളുമായി കടന്നുകളയുന്നതായിരുന്നു ഇയാളുടെ രീതി.
ആറ് വർഷത്തോളമായി ഇയാൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്നുണ്ട്. മധുര റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 30 പവന്‍ സ്വര്‍ണവും 30 ഫോണും 9 ലാപ്‌ടോപ്പും 2 ഐപാഡുകളും ഇയാളുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. അതേസമയം മധുര, കരൂര്‍, വൃദ്ധാചലം, ഇറോഡ്, തിരുനെല്‍വേലി സ്റ്റേഷനുകളിലെ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി ഇയാൾ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ഡിസംബര്‍ 28 ന് വെല്ലൂരിലെ മകന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ മധുര റെയില്‍വേ ജങ്ഷനില്‍ വെച്ച് ഒരാള്‍ തന്റെ ബാഗ് മോഷ്ടിച്ചതായി ജെസു മേരി (75) എന്ന വൃദ്ധ മധുര ജി.ആര്‍. പിക്ക് നല്‍കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ കയറാന്‍ ബുദ്ധിമുട്ടുമ്പോൾ ഒരാൾ ഒരാൾ സഹായിക്കാമെന്ന് പറയുകയും തുടർന്ന് ബാഗുമായി കടന്നു കളയുകയുമായിരുന്നു. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് സി.സി.ടി.വി പരിശോധിച്ചപ്പോൾ സെന്തിൽ ബാഗുമായി കടന്നു കളയുന്നത് കണ്ടെത്തി. റെയില്‍വേ പൊലീസ് കേസ് അന്വേഷിച്ച് സെന്തില്‍കുമാറിനെ തിരിച്ചറിഞ്ഞു. ഇറോഡ് എച്ച്.എം.എസ് കോളനിയിലെ വീട്ടിലെത്തി പൊലീസ് ഇയാളെ പിടികൂടി.
യാത്രക്കാരില്‍ നിന്ന് മോഷ്ടിച്ച ബാഗുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക റാക്കും ഇയാള്‍ നിര്‍മ്മിച്ചിരുന്നു. ഇറോഡില്‍ താമസിച്ചിരുന്ന വീട്ടിലും സമാനമായ രീതിയില്‍ സൗകര്യം ഒരുക്കിയിരുന്നു. മോഷ്ടിച്ച സാധനങ്ങളൊന്നും ഇയാള്‍ വിറ്റിരുന്നില്ല, ഐപാഡുകള്‍, ചാര്‍ജറുകള്‍, ഹെഡ്സെറ്റുകള്‍, പാദരക്ഷകള്‍ എന്നിവയും ഇയാളുടെ രണ്ട് വീടുകളില്‍ നിന്ന് കണ്ടെടുത്തവയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.