ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ അപ്പാർട്മെന്റിൽ നിന്ന് അറസ്റ്റിലായ ടാറ്റൂ ആർടിസ്റ്റ് വൻ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ്. 3.5 കിലോ ഹൈഡ്രോ കഞ്ചാവ്, 15.5 കിലോ കഞ്ചാവ്, 40 എൽ.എസ്‍.ഡി സ്‍ട്രിപ്പുകൾ, 130 ഗ്രാം ചരസ്, 2.3 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകൾ, ത്രാസുകൾ എന്നിവയും രണ്ട് മൊബൈൽ ഫോണുകളും രണ്ടര കോടി രൂപയുമാണ് അപ്പാർട്മെന്റിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
യെലഹങ്കയിലെ ചൊക്കനഹള്ളിയിൽ നിന്ന് പിടിയിലായ രക്ഷിത് രമേഷിൽ നിന്ന് 1.30 കോടി രൂപയും കണ്ടെടുത്തു. അതേസമയം ലഹരി വിൽപനയിലെ മുഖ്യ കണ്ണിയായ തവനിഷ് എന്നയാളെ ഇതുവരെ കണ്ടെത്താനായില്ല. ടാറ്റൂ കോഴ്സ് പഠിച്ച ശേഷം കഴിഞ്ഞ ആറ് വർഷമായി ഫ്രീലാൻസ് ടാറ്റൂ ആർടിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് രക്ഷിത് തവനിഷിനെ പരിചയപ്പെടുന്നത് . ടാറ്റൂ ചെയ്യാനായി പോയ സ്ഥലത്തു നിന്നായിരുന്നു പരിചയം. പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയെന്ന നിലയിൽ ലഹരിക്കടത്ത് പരിചയപ്പെടുത്തിക്കൊടുത്തത് തവനിഷാണ് .
ഹൈഡ്രോ കഞ്ചാവ് തായ്‌ലൻഡിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. എൽ.എസ്‍.ഡി സ്ട്രിപ്പുകൾ ഗോവയിൽ നിന്നും ചരസ് ഹിമാചൽ പ്രദേശിൽ നിന്നും കഞ്ചാവ് തെലങ്കാനയിൽ നിന്നും എത്തിച്ച് വിൽപന നടത്തിവരികയായിരുന്നു. രക്ഷിതിനെ ഒരിക്കൽ തവനിഷ് തായ്‌ലൻഡിൽ കൊണ്ടുപോയി ലഹരി ശൃംഖലയുമായി പരിചയപ്പെടുത്തി. ടാറ്റു ചെയ്യാൻ പോകുന്ന സ്ഥലങ്ങളിൽ ഉപഭോക്താക്കളോട് ലഹരി വസ്തുക്കളെപ്പറ്റി പറയുകയും അവരുടെ താത്പര്യമനുസരിച്ച് വിൽപന നടത്തുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി. വിദ്യാർഥികളും ബിസിനസുകാരും ഒക്കെ ഉൾപ്പെട്ട വലിയ ഒരു ശൃംഖല തന്നെ ഇയാൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഓർഡറെടുത്ത് ഓൺലൈനായി പണം സ്വീകരിച്ച ശേഷം പ്രത്യേക സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ കൊണ്ട് വയ്ക്കുകയും അവയുടെ ചിത്രമെടുത്ത് അയച്ചു കൊടുക്കുകയുമായിരുന്നു രീതി. പുതിയ ഉപഭോക്താക്കളുമായി ഒരിക്കലും നേരിട്ട് ബന്ധപ്പെടുകയില്ല. രക്ഷിതിന്റെ മയക്കുമരുന്ന് വില്പനയെപ്പറ്റി മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും ഇയാൾ വീട്ടിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചത് മാതാപിതാക്കൾ അറിയാതെയായിരുന്നു എന്നുമാണ് റിപ്പോർട്ട്. എൻ.ഡി.പി.എസ് നിയമ പ്രകാരം കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.