കൊച്ചി: അഞ്ചുവയസ്സുകാരിയെ പ്രതി അസ്ഫാഖ് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കാരണം അന്വേഷിച്ച് പൊലീസ്. വിശദമായ ചോദ്യംചെയ്യലിലൂടെയും അന്വേഷണത്തിലൂടെയും മാത്രമേ ഇതിൽ വ്യക്തത വരുത്താനാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം. കുറ്റംചെയ്തത് ഒറ്റക്കാണോ, ആരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ആദ്യഘട്ട ചോദ്യംചെയ്യലിനിടെ ഇയാൾ ചിലരുടെ പേരുകൾ പറഞ്ഞിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമായിരുന്നോ എന്ന് പരിശോധിക്കും. തട്ടിക്കൊണ്ടുപോകലിന് രണ്ടുദിവസം മുമ്പാണ് പ്രതി ആലുവയിലെത്തി കുട്ടിയുടെ വീടിന് സമീപത്ത് താമസമാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ഹുൽജാർ ഹുസൈൻ എന്ന മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളിയാണ് മുറിയെടുത്തുനൽകിയത്. കുട്ടിയുമായി ഇയാൾ പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.
എന്നാൽ, കുട്ടി പരിചയമുള്ളയാളോടെന്ന നിലയിൽ പെരുമാറിയിരുന്നതുകൊണ്ട് ആർക്കും സംശയം തോന്നിയിരുന്നില്ല. കുറഞ്ഞ ദിവസംകൊണ്ടുതന്നെ കുട്ടിയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇത് ദുരുപയോഗം ചെയ്താണ് ക്രൂരകൃത്യത്തിലേക്ക് നീങ്ങിയതെന്നാണ് വിലയിരുത്തൽ. ഇയാൾ ആലുവയിൽ എത്തിയത് എന്തിനാണെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. മുൻകാല പശ്ചാത്തലം അറിയാൻ ബിഹാർ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പ് എവിടെയായിരുന്നുവെന്നും അന്വേഷിക്കും.
മധുരം നൽകി കൊടും ക്രൂരത; കുറ്റകൃത്യം നടന്നത് മൂന്നിനും അഞ്ചിനുമിടയിൽ
കൊച്ചി: മധുരം ഏറെ പ്രിയമായിരുന്നു ആലുവയിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളുടെ അഞ്ച് വയസ്സുകാരി മകൾക്ക്. എല്ലാവർക്കും പ്രിയങ്കരിയായിരുന്ന കുട്ടിയുടേത് വളരെ വേഗത്തിൽ ആളുകളുമായി അടുക്കുന്ന പ്രകൃതമായിരുന്നു. ഇത് മനസ്സിലാക്കി പ്രതി അസ്ഫാഖ് ആലം കുഞ്ഞുമായി അടുപ്പം സ്ഥാപിച്ചെന്നാണ് പൊലീസ് വിലയിരുത്തൽ. പോകും വഴി കുട്ടിക്ക് ഫ്രൂട്ടി വാങ്ങി നൽകിയത് കണ്ടതായി ദൃക്സാക്ഷി മൊഴിയുണ്ട്. സംഭവം നടന്നത് വെള്ളിയാഴ്ച വൈകീട്ട് മൂന്നിനും അഞ്ചിനും ഇടയിലാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതി കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയ ശേഷം മാർക്കറ്റിലേക്ക് നടക്കുന്നതിന്റെ ആദ്യ സി.സി.ടി.വി ദൃശ്യം മൂന്നുമണിയുടേതാണ്. തിരികെ മടങ്ങുന്ന അഞ്ചുമണിയുടെ ദൃശ്യത്തിൽ പ്രതി ഒറ്റക്കാണുള്ളത്. ഈസമയം കുട്ടി കൂടെയില്ല. അതിനാൽ ഈ സമയത്ത് കുറ്റകൃത്യം നടന്നുവെന്നാണ് കരുതുന്നത്. ആറുമണിയോടെ ആലുവയിൽ ഇയാൾ അടിപിടിയുണ്ടാക്കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് എന്തിനായിരുന്നു എന്നതിനെക്കുറിച്ച് അടക്കം പരിശോധിക്കും.
വിഫലമായി 21 മണിക്കൂർ തിരച്ചിലും കാത്തിരിപ്പും
കൊച്ചി: കണ്ണീർതോരാതെ കഴിച്ചുകൂട്ടിയ 21 മണിക്കൂറിനൊടുവിൽ ആ മാതാപിതാക്കളുടെ കാതുകളിലേക്ക് എത്തിയത് കരൾപിടക്കുന്ന വാർത്ത. ചേർത്തുപിടിച്ചും മുത്തംകൊടുത്തും പോറ്റിയ പൊന്നുമോൾ ക്രൂരതക്കിരയായി നിശ്ചലയാക്കപ്പെട്ട് ആലുവ മാർക്കറ്റിലെ മാലിന്യക്കൂമ്പാരത്തിൽ കിടക്കുന്നുവെന്ന വാർത്ത അവരെ തകർത്തുകളഞ്ഞു. അനിശ്ചിതത്വവും നാടകീയതകളും നിറഞ്ഞ രാപ്പകലുകളിൽ പ്രതീക്ഷയിലായിരുന്നു ബിഹാർ സ്വദേശികളായ മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും നാടും. ബിഹാർ സ്വദേശിയുടെ അഞ്ച് വയസ്സുകാരി മകളെ കാണാതായത് മുതൽ വ്യാപക തിരച്ചിലാണ് ആലുവയിലും പരിസരങ്ങളിലും നടന്നത്.
ഉച്ചക്ക് രണ്ടിന് ശേഷമാണ് കുട്ടിയെ കാണാതായത്. ആലുവ ഗാരേജിന് അടുത്തുനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത് നിർണായകമായി. കുട്ടിയുമായി പ്രതി അസ്ഫാഖ് റോഡ് മുറിച്ചുകടക്കുന്നതായിരുന്നു ദൃശ്യം. തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരെ കണ്ട് സംസാരിച്ചും മറ്റും പ്രതിക്കായി അന്വേഷണം നടത്തി. ദൃശ്യത്തിലുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. പ്രതിയെ രാത്രിയോടെ പിടികൂടി. ഇയാൾ മദ്യലഹരിയിലായതിനാൽ ചോദ്യംചെയ്യൽ അസാധ്യമായി. ഈ സമയത്തും പൊലീസ് റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന തുടർന്നു. സമീപ ജില്ലകളിലേക്കും വിവരം കൈമാറി.
ഇയാളെ പരിചയമുള്ള ആളുകൾ ആരൊക്കെയാണെന്നും അന്വേഷിച്ചു. രാവിലെ വീണ്ടും ചോദ്യംചെയ്യൽ ആരംഭിച്ചപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പ്രതി പൊലീസിന് നൽകിയത്. സക്കീർ ഹുസൈൻ എന്നൊരാൾക്ക് കുട്ടിയെ കൈമാറിയെന്നായിരുന്നു ആദ്യഘട്ടത്തിൽ ഇയാൾ പറഞ്ഞത്. എന്നാൽ, ഇത് പിന്നീട് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് എറണാകുളം റൂറൽ എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. ശേഷം പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടിയെ കൊലപ്പെടുത്തിയ വിവരവും മാർക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തുണ്ടെന്ന കാര്യവും വ്യക്തമാക്കിയതോടെ പൊലീസ് സംഘം അവിടേക്ക് കുതിച്ചു. സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. പിന്നീട് ഇത് ബിഹാർ സ്വദേശിയുടെ അഞ്ച് വയസ്സുകാരി മകളാണെന്ന് തിരിച്ചറിഞ്ഞു. സ്ഥിരീകരിക്കാൻ ഉച്ചയോടെ പിതാവിനെയും സ്ഥലത്തെത്തിച്ചു. ഈസമയം സ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി. പ്രതിയെ എത്തിച്ച് തെളിവെടുക്കാനുള്ള തീരുമാനം പൊലീസ് പിന്നീടേക്ക് മാറ്റി. അതിനിടെ ഇയാൾ മാർക്കറ്റിലെ മാലിന്യം തള്ളുന്ന ഭാഗത്തേക്ക് പോയപ്പോൾ മറ്റ് മൂന്നുപേർ കൂടി പിന്നാലെയുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഇത് സ്ഥിരീകരിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.