കൊല്ലം: ഫെഡറൽ ബാങ്ക് പോളയത്തോട് ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. മയ്യനാട് പുലിച്ചിറ നടുവിലക്കര സിംല മൻസിലിൽ സുൽഫി(35), പോളയത്തോട് തെക്കേവിള എ.ആർ.എ നഗറിൽ സോമവിലാസത്തിൽ ഡോൺ ബോസ്കോ(47) എന്നിവരാണ് പിടിയിലായത്.
പൊലീസ് പറയുന്നത്: 2021-22 കാലയളവിലാണ് ബാങ്കിൽ ഒന്നരലക്ഷം രൂപക്ക് ഡോൺബോസ്കോയുടെ പേരിൽ മുക്കുപണ്ടം പണയംവെച്ചത്. കാലാവധി കഴിഞ്ഞിട്ടും എടുക്കാത്തതിനാൽ ഇയാളെ വിളിച്ചുവരുത്തിയപ്പോൾ ഇയാൾ സുൽഫിയുടെ പേരിലേക്ക് പണയം മാറ്റി. തുടർന്നും സ്വർണം എടുക്കാതെ വന്നപ്പോൾ സംശയം തോന്നി കഴിഞ്ഞവർഷം ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടർന്ന് ബാങ്ക് അധികൃതർ കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കേസെടുത്തതോടെ പ്രതികൾ ഒളിവിൽ പോയി.
പലയിടങ്ങളിൽ മാറിത്താമസിച്ച സുൽഫി കുളപ്പാടം ഖാദി ജങ്ഷന് സമീപം വാടകക്ക് താമസിക്കുന്നിടത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുക്കുപണ്ടം മറ്റുള്ളവരുടെ പേരിൽ പണയംവെച്ച് തട്ടിപ്പ് നടത്തുന്നയാളാണ് സുൽഫിയെന്ന് പൊലീസ് പറയുന്നു. സുൽഫി ഭാര്യ ശ്രുതിയെക്കൊണ്ടും മറ്റുപല സുഹൃത്തുക്കളെക്കൊണ്ടും മുക്കുപണ്ടം പണയം വെച്ചതിൽ കൊട്ടിയം സ്റ്റേഷനിൽ എടുത്ത കേസിൽ മുമ്പ് അറസ്റ്റിലായിരുന്നു.
ഇയാൾക്കെതിരെ ചന്ദനമോഷണത്തിന് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ സുമേഷ്, സി.പി.ഒമാരായ ഷെഫീക്ക്, അനു ആർ. നാഥ്, ഷൈജു, അജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.