പുൽപള്ളി: കാപ്പിസെറ്റിനടുത്ത ആച്ചനഹള്ളി പണിയ കോളനിയിലെ ബാബുവിന്റെ (48) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ജനുവരി ഒന്നിന് രാത്രിയാണ് സംഭവം. ആച്ചനഹള്ളി കോളനിവാസിയായ ബാബു തന്റെ സുഹൃത്തായ തൂപ്ര കോളനിയിലെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു.
ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ സ്ത്രീയുടെ മകൻ സ്ഥലത്തെത്തി. അമ്മയോടൊപ്പം മദ്യപിക്കുന്ന ബാബുവുമായി കലഹം ഉണ്ടാക്കി. മുമ്പ് പലതവണ ഇവർ തമ്മിൽ കലഹം ഉണ്ടായിട്ടുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. പിറ്റേന്ന് രാവിലെ കോളനി പരിസരത്ത് ബാബുവിനെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
പ്രദേശവാസികൾ ബാബുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. തുടർന്നു നടന്ന പോസ്റ്റുമോർട്ടത്തിലാണ് ബാബുവിന് അതിക്രൂരമായ മർദനമേറ്റിരുന്നുവെന്നും ആന്തരാവയവങ്ങളിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൂപ്ര കോളനിയിലെ യുവാവിന്റെ ഇടപെടൽ കണ്ടെത്തിയത്. ഇയാൾ ഒളിവിലാണ്. ബാബുവിന്റെ കൊലപാതകത്തിന് പിന്നിൽ ഈ യുവാവിനോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും സംശയം ഉയർന്നിട്ടുണ്ട്. അച്ഛനഹള്ളി കോളനിയിലെ പരേതരായ കൊകിരി - ജാനകി ദമ്പതികളുടെ മകനാണ് ബാബു. സഹോദരങ്ങൾ-രാജു, നന്ദിനി, സന്തോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.