റിയാദ്: ബാങ്കിൽ മലയാളിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി മറ്റൊരു അക്കൗണ്ടിൽനിന്ന് പണം തട്ടൽ. തന്റെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴി പാകിസ്താൻ പൗരന്റെ അക്കൗണ്ടിൽനിന്ന് പണം മാറ്റിയെന്ന കേസിൽ മലയാളിയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതരുടെ ചെയ്തിയിൽ കുടുങ്ങിയ മലയാളി ജയിലിലാണ്. ഇയാളുടെ മോചനത്തിന് ഇന്ത്യന്‍ എംബസിയും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാങ്കുദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാള്‍ ഐ.എം.ഒയിൽ മലയാളിയെ വിളിച്ച് താങ്കളുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാൻ ആവശ്യമായ വിവരം നൽകാൻ ആവശ്യപ്പെട്ടു. അതിൽ വിശ്വസിച്ച മലയാളി തന്റെ മൊബൈൽ നമ്പറിൽ എത്തിയ ഒ.ടി.പി പറഞ്ഞുകൊടുത്തു.
തബൂക്കിൽ ജോലി ചെയ്യുന്ന ഒരു പാകിസ്താൻ പൗരൻ തന്റെ അക്കൗണ്ടിൽനിന്ന് പണം മാറ്റിയെന്ന പരാതിയുമായി രംഗത്തുവന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് മലയാളി മനസ്സിലാക്കുന്നത്. തന്റെ നാഷനൽ കമേഴ്സ്യൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 998 റിയാല്‍ താൻ അറിയാതെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നും താന്‍ വഞ്ചിക്കപ്പെട്ടെന്നും കാണിച്ച് പാകിസ്താൻ പൗരൻ തൈമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്കില്‍ (സാമ) ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ റിയാദ് ബത്ഹയിലെ ഒരു ഇന്ത്യക്കാരന്റെ പേരിലുള്ള അലിൻമ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. അക്കൗണ്ട് ഉടമ മലയാളിയാണെന്നും കണ്ടെത്തി. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് മലയാളിയെ വിളിപ്പിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
തനിക്ക് അല്‍റാജ്ഹി ബാങ്കില്‍ മാത്രമേ അക്കൗണ്ട് ഉള്ളൂവെന്നും അലിന്മ ബാങ്കിൽ അക്കൗണ്ട് എടുത്തിട്ടില്ലെന്നും മലയാളി അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷൻ നടപടി ഏറ്റെടുക്കുകയും മലയാളിയെ ജയിലിലടക്കുകയും ചെയ്തു. കോടതിയുടെ പരിഗണനക്കെത്തിയപ്പോള്‍, മലയാളി തന്റെ പേരില്‍ അലിന്മ ബാങ്കിൽ അക്കൗണ്ട് ഇല്ലെന്നും പാകിസ്താനിയെ വിളിക്കുകയോ പണം ട്രാന്‍സ്ഫറാക്കുകയോ ചെയ്തിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും ജഡ്ജിയോട് പറഞ്ഞു. മൂന്നുമാസം നാട്ടിലായിരുന്നുവെന്നും ആ സമയത്ത് തന്റെ വിവരങ്ങള്‍ ഉപയോഗിച്ച് ആരെങ്കിലും അക്കൗണ്ട് തുറന്നതാകാമെന്നും ഒ.ടി.പി ചോദിച്ച് ഒരാള്‍ വിളിച്ചിരുന്നുവെന്നും വ്യക്തമാക്കി കുറ്റം നിഷേധിച്ചു.
ഐ.എം.ഒയില്‍ വിളിച്ചയാള്‍ നാഷനൽ കമേഴ്സ്യൽ ബാങ്കിന്റെ ലോഗോ വെച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഒ.ടി.പി നല്‍കിയതെന്നും അപ്പോഴേക്കും പണം ട്രാന്‍സ്ഫറായെന്നും പാകിസ്താൻ പൗരനും വ്യക്തമാക്കി. തന്റെ പേരില്‍ അല്‍റാജ്ഹി ബാങ്കിൽ മാത്രമേ അക്കൗണ്ട് ഉള്ളൂവെന്ന് മലയാളി വാദിച്ചു. നിരപരാധിയായ ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികളുമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന് യൂസുഫ് കാക്കഞ്ചേരിയും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്മാന് സിദ്ദീഖ് തുവ്വൂരുമാണ് രംഗത്തുള്ളത്. വൈകാതെ ഇദ്ദേഹം ജയില്‍മോചിതനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നവര്‍ അഭിഭാഷകരെയോ ഇന്ത്യന്‍ എംബസി വളന്റിയര്മാരെയോ കൂടെ കൂട്ടിയാല്‍ ഭാഷയറിയാത്തതിന്റെ പേരില്‍ വന്നേക്കാവുന്ന നിയമനടപടികള്‍ ഒഴിവായിക്കിട്ടുമെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.