കുടുംബകോടതി വളപ്പിൽ ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കുടുംബകോടതി വളപ്പിൽ ഭാര്യാമാതാവിനെ യുവാവ് വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു. കാവനൂർ സ്വദേശി ശാന്തക്കാണ് (50) ഇടതു തോളിനും കാലിനും വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ മരുമകൻ വണ്ടൂർ പോരൂർ സ്വദേശി കെ.സി. ബൈജുമോനെ (35) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഭാരതീയ നീതി സംഹിത 109 പ്രകാരം കൊലപാതകശ്രമത്തിന് കേസെടുത്തു.

മകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിലെത്തി മടങ്ങുമ്പോൾ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ശാന്തക്കുനേരെയുള്ള ആക്രമണം. വെട്ടേറ്റ് മുടിയുടെ പകുതിഭാഗവും മുറിഞ്ഞുപോയ ഇവർ പ്രാണരക്ഷാർഥം കോടതിയുടെ മുൻവശത്തേക്ക് ഓടുകയായിരുന്നു. കുടുംബകോടതിയിൽനിന്ന് പുറത്തിറങ്ങി നടക്കുമ്പോൾ ബൈജുമോൻ ഭാര്യ ദിൽഷയെ ഓട്ടോയിൽ പിന്തുടർന്ന് വണ്ടിയിടിപ്പിക്കുന്നത് കണ്ട് ഓടിവന്ന ശാന്തയെ വാഹനത്തിലൊളിപ്പിച്ച വടിവാളെടുത്താണ് വെട്ടിയത്.

അഭിഭാഷകരാണ് പരിക്കേറ്റ ശാന്തയെയും ദിൽഷയെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ഇരുവരെയും എത്തിച്ചത്. ശാന്തയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. സ്ഥലത്തുണ്ടായിരുന്നവർ പ്രതിയെ പിറകിൽനിന്ന് സാഹസികമായി പിടികൂടിയാണ് കൂടുതൽ ആക്രമണം തടഞ്ഞത്. പ്രതി ബൈജുമോനും ഭാര്യ ദിൽഷയും വേർപിരിഞ്ഞാണ് താമസം.

ദിൽഷ വിവാഹമോചനക്കേസ് നൽകിയത് ബൈജുമോൻ അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ബൈജുമോൻ കോടതിക്കുള്ളിലും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മലപ്പുറം എസ്.എച്ച്.ഒ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി.

Tags:    
News Summary - Mother-in-law attacked in family court premises; The youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.