ആറ്റിങ്ങൽ: സിനിമ തിയറ്ററിനുള്ളിലെ മോഷ്ടാവിനെ കണ്ടെത്താൻ ആറ്റിങ്ങൽ പൊലീസ് അന്വേഷണമാരംഭിച്ചു.ആറ്റിങ്ങൽ ഗംഗ തിയറ്ററിൽ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയവരുടെ പഴ്സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വ്യത്യസ്തമായി മോഷണം നടത്തുന്ന മോഷ്ടാവിനെ സി.സി ടി.വിയിൽ കണ്ടെത്തിയിരുന്നു. ടിക്കറ്റെടുത്ത് തിയറ്ററിനുള്ളിൽ കടന്ന് സീറ്റിലിരുന്നശേഷം ഇയാൾ ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കും. സിനിമ തുടങ്ങിക്കഴിഞ്ഞാൽ വസ്ത്രങ്ങൾ ഊരിമാറ്റി അർധനഗ്നനായി സീറ്റുകൾക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്സ് മോഷ്ടിക്കും.
സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല. തുടർന്ന് സീറ്റിലെത്തി വസ്ത്രം ധരിച്ച് വൈകാതെ ഇറങ്ങിപ്പോകും.തിയറ്ററിൽ കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയ ഏതാനും യുവതികളുടെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. തിയറ്ററിൽ അറിയിച്ചതിനെതുടർന്ന് ജീവനക്കാർ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ തിയറ്റർ അധികൃതർ ആറ്റിങ്ങൽ പൊലീസിന് കൈമാറി. പൊലീസിൽ ആരും പരാതി നൽകിയിട്ടില്ല. സംഭവം ഗൗരവത്തിലെടുത്ത് മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.