ആമ്പല്ലൂര്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി തവണ എ.ടി.എം തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികള്‍ കുടുങ്ങുന്നത് ഇതാദ്യം. പ്രമുഖ ഓണ്‍ലൈന്‍ പര്‍ച്ചേസ് ആപ്പിന്റെ ട്രെയിലര്‍ ലോറി ജീവനക്കാരാണ് കുടുങ്ങിയത്. തട്ടിപ്പിന് വേണ്ടി ജോലി മറയാക്കുകയിരുന്നു ഇവര്‍.
കഴിഞ്ഞ 23ന് പുതുക്കാട് ദേശീയപാതക്ക് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ നടന്ന തട്ടിപ്പിൽ എസ്.ബി.ഐ ബാങ്ക് അധികൃതരുടെ പരാതിയില്‍ ഈമാസം 15നാണ് പുതുക്കാട് പൊലീസ് കേസെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയുടെയും പുതുക്കാട് സി.ഐയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. സംഭവം നടന്നതായി പരാതിയില്‍ പറയുന്ന സമയത്തെ എ.ടി.എം കൗണ്ടറിലെയും പാലിയേക്കര ടോളിലെയും കാമറകളിലെ ദൃശ്യങ്ങളും ആ സമയം ഇടപാട് നടത്തിയവരുടെ അക്കൗണ്ട് വിശദാംശങ്ങളും പൊലീസ് പരിശോധിച്ചു.
തുടര്‍ന്നാണ് രണ്ടുപേരാണ് കൗണ്ടറില്‍ കയറി പണം പിന്‍വലിച്ചതെന്നും ഉപഭോക്താക്കളുടേത് ഹരിയാന അക്കൗണ്ടുകളാണെന്നും മനസ്സിലാക്കിയത്. ട്രെയിലര്‍ ലോറി എം.ടി.എം കൗണ്ടറിനോട് ചേര്‍ന്ന് സര്‍വിസ് റോഡില്‍ നിര്‍ത്തിയിട്ട് ശ്രദ്ധ മറച്ച ശേഷമാണ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഹരിയാന രജിസ്ട്രേഷനിലുള്ള ലോറിയുടെ നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞത് പൊലീസിന് പ്രതികളിലേക്കുള്ള ദൂരം കുറച്ചു. തിങ്കളാഴ്ച പാലിയേക്കര ടോള്‍ കടന്നുപോയ ഇതേ ലോറിയും പ്രതികളെയും പൊലീസ് പിന്തുര്‍ന്ന് കുതിരാനില്‍ വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ തട്ടിപ്പുവിവരം പൊലീസിന് മൊഴിനല്‍കി.
പ്രതികളായ തൗഫീഖ് (34), വാരിഷ്ഖാന് (21) എന്നിവരെ ചൊവാഴ്ച തട്ടിപ്പ് നടത്തിയ എ.ടി.എം കൗണ്ടറില്‍ കൊണ്ടുവന്ന് തെളിവെടുത്തു. ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോരേങ്കയുടെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ ടി.എന്‍. ഉണ്ണികൃഷ്ണന്, എസ്.ഐ. മിഥുന് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആമ്പല്ലൂര്‍: പുതുക്കാട് എ.ടി.എം കവർച്ച കേസില്‍ പിടിയിലായവർ എം.ടി.എം യന്ത്രത്തിന്റെ സെൻസറിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ്.
ഈ രീതിയിൽ എ.ടി.എം തട്ടിപ്പ് നടക്കുന്ന വിവരം പുറത്തുവരുന്നത് ആദ്യമാണ്. ഇവർ കൈയിൽ കരുതുന്ന പ്രത്യേക താക്കോൽ ഉപയോഗിച്ച് എ.ടി.എം യന്ത്രം തുറക്കും. തുടർന്ന് കാർഡ് നിക്ഷേപിച്ച് പൈസ എടുക്കും. പൈസ പുറത്തുവന്ന ശേഷം നേത്തേ തുറന്ന് വെച്ച യന്ത്രം സ്വിച്ച് ഓഫ് ചെയ്യുകയും ഉടൻ ഓണാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ പണം പുറത്തേക്ക് വരുകയും എന്നാൽ 'ഇടപാട് പരാജയം' (ട്രാൻസാക്ഷൻ ഫെയിൽഡ്) എന്ന് കാണിക്കുകയും ചെയ്യും.
യന്ത്രത്തിൽനിന്ന് പണമെടുത്ത ഉടൻ ഇവർ ടോൾ ഫ്രീ നമ്പറിൽ ബാങ്കിലേക്ക് വിളിച്ച് അക്കൗണ്ടിൽനിന്ന് പണം കുറഞ്ഞതായി കാണിച്ചെന്നും എന്നാൽ യന്ത്രത്തിലൂടെ ആ തുക കിട്ടിയില്ലെന്നും അറിയിക്കും. തുടർന്ന് ബാങ്കിൽനിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് പണം റീഫണ്ട് ചെയ്യും.
സുഹൃത്തുക്കൾ അടക്കമുള്ള പലരുടെയും ആധാർ കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പിനുവേണ്ടി ഇവർ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. ഇതിലേക്ക് ആദ്യം പണം നിക്ഷേപക്കുകയും അതിന്റെ മറവിൽ തട്ടിപ്പ് നടത്തുകയുമാണ് രീതി. ഇവരുടെ തട്ടിപ്പുകളിൽ അധികവും എസ്.ബി.ഐയുടെ എ.ടി.എമ്മുകളിലായിരുന്നു.
പുതുക്കാട്ടെ എ.ടി.എമ്മിൽ മാത്രം ഇവർ ആറ് കാർഡുകൾ ഉപയോഗിച്ച് 13 ഇടപാടുകൾ നടത്തിയിട്ടുണ്ട്. പുതുക്കാട്ട് കവർച്ച നടത്തിയ ദിവസംതന്നെയാണ് ആലുവയിലും തട്ടിപ്പ് നടത്തിയത്.
ആമ്പല്ലൂര്‍: 2018 മുതല്‍ ആരംഭിച്ച തട്ടിപ്പിലൂടെ പ്രതികൾ സമ്പാദിച്ചത് കോടികള്‍. ഡല്‍ഹി കേന്ദ്രമായുള്ള പ്രമുഖ ഓണ്‍ലൈന്‍ പര്‍ച്ചേഴ്സ് കമ്പനിയുടെ ട്രെയിലര്‍ ഡ്രൈവര്‍മാരായ പ്രതികള്‍ ഇന്ത്യയില്‍ എവിടെയും എത്തിപ്പെടാനുള്ള ലൈസന്‍സ് ആയാണ് ജോലിയെ കണ്ടിരുന്നത്. മിക്ക സംസ്ഥാനങ്ങളിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ആഡംബര ജീവിതം നയിക്കാനും നാട്ടില്‍ ഭൂമിവാങ്ങി കൂട്ടാനുമാണ് കൊള്ളമുതല്‍ ഉപയോഗിക്കുന്നത്.
സെന്‍സറില്‍ തട്ടിപ്പു നടത്തിയുള്ള കൊള്ള, ബാങ്ക് തിരിച്ചറിയാന്‍ ഏറെ സമയമെടുക്കും എന്നതാണ് പ്രതികള്‍ മുതലെടുത്തിരുന്നത്. കേരളത്തിലെ എ.ടി.എമ്മുകളെയാണ് പ്രതികള്‍ കൂടുതല്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ഇവിടെ മിക്കയിടത്തും സുരക്ഷ ജീവനക്കാര്‍ ഇല്ല എന്നതാണ് ഇവര്‍ക്ക് രക്ഷയാകുന്നത്. പ്രതികളിലൊരാള്‍ ബിരുദധാരിയും രണ്ടാമന് നാലാംതരക്കാരനുമാണ്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വലിയ തട്ടിപ്പു സംഘം ഇവര്ക്കുപിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.