ഗുരുവായൂർ: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരുന്ന പാലുവായ് സ്വദേശി രമേഷിനാണ് (40) കുത്തേറ്റത്. ഞായറാഴ്ച രാത്രി 11.30ഓടെ ഗുരുവായൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം.
ചാവക്കാട് മണത്തല സ്വദേശികളായ പള്ളിപറമ്പിൽ അനീഷ് (36), ബന്ധു മേനോത്ത് വീട്ടിൽ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്.
ചാപ്പറമ്പ് ബിജു കൊലപാതകക്കേസിലെ മുഖ്യപ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനുമാണ് അനീഷെന്ന് പൊലീസ് അറിയിച്ചു. വിഷ്ണുവും ബിജു കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും അറിയിച്ചു.
കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം എ.സി.പി കെ.എം. ബിജു, ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാർ, എ.എസ്.ഐമാരായ കെ. സാജൻ, രാജേഷ്, എസ്.സി.പി.ഒ രഞ്ജിത്ത്, ഗഗേഷ്, സി.പി.ഒമാരായ റമീസ്, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാക്കുതർക്കത്തെ തുടർന്ന് ഒന്നാം പ്രതി അനീഷ് കൈയിലുണ്ടായിരുന്ന കത്തികൊണ്ട് രമേഷിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ രമേഷ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. കൃത്യത്തിനുശേഷം ഉപേക്ഷിച്ച കത്തിയും മോട്ടോർ സൈക്കിളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും ടെമ്പിൾ എസ്.എച്ച്.ഒ അറിയിച്ചു.
ചാവക്കാട്: പാലുവായ് സ്വദേശി രമേഷിന് കുത്തേറ്റ സംഭവവുമായി എസ്.ഡി.പി.ഐക്ക് ബന്ധമില്ലെന്ന് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി വാർത്തകുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ പിടിയിലായ ഒന്നാം പ്രതി അനീഷ് ചാപ്പറമ്പ് ബിജു കൊലപാതകക്കേസിലെ മുഖ്യപ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനുമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പ്രതികരണമായാണ് എസ്.ഡി.പി.ഐ വാർത്തകുറിപ്പ് പുറത്തിറക്കിയത്. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു നടപടിയെടുക്കും. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ തൽപരകക്ഷികൾ പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കുന്നതിലെ ഗൂഢതാൽപര്യം ജനം തിരിച്ചറിയണമെന്നും മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഫാമിസ് അബൂബക്കർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.