മൂവാറ്റുപുഴ: തടിമിൽ ജീവനക്കാരായ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഒഡിഷ സ്വദേശി പിടിയിൽ. കൊല്ലപ്പെട്ടവർക്കൊപ്പം തടിമില്ലിൽ ജോലിചെയ്തിരുന്ന ഗോപാൽ മല്ലിക് (22) എന്നയാളാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അടൂപ്പറമ്പ് കമ്പനിപ്പടിക്ക് സമീപത്തെ തടിമില്ലിലെ താമസസ്ഥലത്ത് അസം സ്വദേശികളായ മോഹന്തോ (40), ദീപങ്കര്‍ ബസുമ്മ (37) എന്നിവരെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കൂടെ ജോലി ചെയ്യുന്ന അസം സ്വദേശി സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന ഗോപാലിനെ രാവിലെ മുതല്‍ കാണാനില്ലെന്നും ഇയാള്‍ നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നെന്നും സമീപവാസികൾ വ്യക്തമാക്കിയിരുന്നു. ഗോപാൽ ഞായറാഴ്ച പുലർച്ച നാട്ടിലേക്കു പോകുമെന്ന് അറിയിച്ചിരുന്നുവെന്നും ശനിയാഴ്ച രാത്രി ശമ്പളം വാങ്ങിയിരുന്നെന്നും തടിമിൽ ഉടമയും മൊഴി നൽകി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
മാറാടി സ്വദേശിയുടെ തടിമില്ലിൽ എട്ടു വർഷമായി ജോലി ചെയ്യുന്നവരാണ് മരിച്ച തൊഴിലാളികൾ. ഇവരിൽ ഒരാളുടെ ഭാര്യ ഞായറാഴ്ച രാവിലെ മുതൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഉടമയെ അറിയിക്കുകയായിരുന്നു. ഉടമയുടെ നിർദേശപ്രകാരം സമീപത്തെ ബേക്കറി ജീവനക്കാരനെത്തി നോക്കിയെങ്കിലും മദ്യപിച്ച് ഉറങ്ങുകയാണെന്ന നിഗമനത്തിൽ മടങ്ങി. പിന്നീടും വീട്ടിൽനിന്ന് വിളിവന്നതോടെ മില്ലിലെ മാനേജറെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.