കായംകുളം: കൃഷ്ണപുരം അതിർത്തി ചിറയിലെ സാംസ്കാരിക കേന്ദ്രത്തിലെ കുളത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമായി. കൊല്ലം കുണ്ടറ വെള്ളിമൺ സോജു ഭവനത്തിൽ സോജുവാണ് (48) മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തലക്ക് പിന്നിലെ മുറിവും കുളക്കടവിൽ രക്തക്കറയുടെ അടയാളങ്ങളും സംഭവം കൊലപാതകമാണെന്ന സംശയം ഉയർത്തിയിരിക്കുകയാണ്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമെ ശരിയായ നിഗമനത്തിൽ എത്താൻ കഴിയുവെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് പരിശോധന കാരണം നടപടികൾ വൈകുന്നത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. അതേസമയം സമീപത്തെ സി.സി.ടി.വികളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രധാനമായും ബിവറേജസ് ഷോറൂമിലെ സി.സി.ടി.വിയാണ് പരിശോധിക്കുന്നത്. മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. വർഷങ്ങളായി ഓച്ചിറയും പരിസരവും കേന്ദ്രീകരിച്ചിരുന്ന ഇയാളുടെ സൗഹൃദ വലയങ്ങളും അന്വേഷണ പരിധിയിലാണ്. കുണ്ടറയിൽനിന്നും ഇയാളുടെ ബന്ധുക്കളും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.