തിരൂരങ്ങാടി: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ദേശീയപാത കേന്ദ്രീകരിച്ച് മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്നയാൾ പിടിയിൽ. നിരവധി കടകളുടെ ഗ്ലാസ് ഡോർ പൊളിച്ച് പണവും സാധനങ്ങളും അപഹരിക്കുന്ന സംഘത്തിലെ പ്രധാനിയായ കോഴിക്കോട് കക്കോടി സ്വദേശി ജിഷ്ണുവിനെയാണ് (19) തിരൂരങ്ങാടി പൊലീസ് പിടികൂടിയത്. പ്രതിക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ടായിരുന്നു. ആർഭാട ജീവിതം നയിക്കാനും മയക്കുമരുന്ന് ഉപയോഗത്തിനും പണം കണ്ടെത്താനാണ് ഇത്തരത്തിൽ കവർച്ച നടത്തിയിരുന്നത്.
തിരൂരങ്ങാടി കക്കാട് കരുമ്പിലിൽ രാത്രി സംശയാസ്പദമായി വാഹനവുമായി കണ്ടപ്പോൾ ചോദ്യം ചെയ്തതിൽനിന്നാണ് കവർച്ചയെ കുറിച്ച് വിവരം പുറത്തായത്. പൂക്കിപ്പറമ്പിലെ റെഡിമെയ്ഡ് ഷോപ്പിന്റെ ഗ്ലാസ് പൊട്ടിച്ച് കവർച്ച നടത്തിയതും വെളിമുക്കിലെ പഴക്കടയിലും കോഴിച്ചെനയിലെയും കോട്ടക്കലിലെയലും രണ്ട് കടകളിലും മോഷണം നടത്തിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
വി.കെ പടി, വെളിമുക്ക്, കരുമ്പിൽ എന്നിവിടങ്ങളിൽനിന്ന് ബൈക്ക് മോഷ്ടിച്ചതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലും നിരവധി കേസിൽ ഇയാൾ പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകളിലെത്തി കടകളിൽ മോഷണം നടത്തി പിന്നീട് ബൈക്ക് ഉപേക്ഷിച്ച് പോകുകയാണ് പതിവ്. എസ്.ഐമാരായ മുഹമ്മദ് റഫീഖ്, ശിവദാസൻ, രഞ്ജിത്ത്, പ്രബേഷൻ എസ്.ഐ ജീഷ്മ, എസ്.സി.പി.ഒ മുരളി, രാകേഷ്, സി.പി.ഒ ജോഷി, വിപിൻ, ജിനേഷ്, അഭിമന്യു, സബറുദ്ദീൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാവാത്തയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഈ കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.