കൊൽക്കത്ത: 2022ലെ സ്ഫോടനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംഘത്തിനുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. സംഘർഷത്തിനിടെ സ്ഫോടനക്കേസിലെ രണ്ട് പ്രതികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മേദിനിപൂർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായും അന്വേഷണ സംഘത്തിന്റെ വാഹനം തകർത്തതായും എൻ.ഐ.എ അറിയിച്ചു.
പൊതുവിതരണ സംവിധാനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്, തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷാജഹാൻ ശൈഖിനെ അറസ്റ്റ് ചെയ്യാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനുനേരെ ജനുവരി അഞ്ചിന് ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
2022 ഡിസംബറിൽ ഭൂപതി നഗറിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിലെ പ്രതികളായ ബാലാജി ചരൺ മെയ്തി, മനോബ്രത ജന എന്നിവരെ പിടികൂടാനാണ് എൻ.ഐ.എ സംഘമെത്തിയത്. അഞ്ച് സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ ഭൂപതിനഗർ പൊലീസ് സ്റ്റേഷനിലേക്കുനീങ്ങിയ എൻ.ഐ.എ സംഘത്തെ ജനക്കൂട്ടം തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം പൊലീസിൽ പരാതി നൽകി.നാടൻ ബോബുകൾ നിർമിക്കാനും സ്ഫോടനം നടത്താനും പദ്ധതിയിട്ടത് മെയ്തിയും ജനയുമാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷം ജൂൺ നാലിനാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.
കൊൽക്കത്ത: ഈസ്റ്റ് മേദിനിപ്പുർ ജില്ലയിലെ ഭൂപതിനഗറിൽ എൻ.ഐ.എ സംഘം ജനങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനക്കൂട്ടം ഉദ്യോഗസ്ഥരെയല്ല ആക്രമിച്ചതെന്നും അവർ പറഞ്ഞു. 2022ൽ ‘പടക്കം പൊട്ടിച്ചതുമായി’ ബന്ധപ്പെട്ട് അന്വേഷണ സംഘം പുലർച്ച ഗ്രാമീണരുടെ വീടുകളിൽ കടന്നുകയറുകയായിരുന്നുവെന്ന് മമത ആരോപിച്ചു. ഭൂപതിനഗറിലെ സ്ത്രീകളല്ല ആക്രമണം നടത്തിയത്. ദേശീയ അന്വേഷണ ഏജൻസിയാണ് അത് ചെയ്തതെന്നും ദക്ഷിണ ദിഞ്ജാപ്പൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മമത പറഞ്ഞു.
തങ്ങളെ ആക്രമിച്ചാൽ സ്ത്രീകൾ വെറുതെയിരിക്കുമോ? എന്തിനാണ് അവർ അർധരാത്രിയിൽ റെയ്ഡ് നടത്തിയത്? അവർക്ക് പൊലീസ് അനുമതിയുണ്ടായിരുന്നോ? അർധരാത്രിയിൽ അപരിചിതൻ വീട്ടിൽ കയറിയാൽ ഉണ്ടാകുന്ന പ്രതികരണം തന്നെയാണ് പ്രദേശവാസികളുടെ ഭാഗത്തുനിന്നുണ്ടായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് അവർ ആളുകളെ അറസ്റ്റ് ചെയ്യുന്നത്. ബി.ജെ.പിക്കുവേണ്ടിയാണ് എൻ.ഐ.എ ഇതെല്ലാം ചെയ്യുന്നതെന്നും മമത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.