ഷാർജ: ഏജന്റിന്റെ ചതിയിൽപ്പെട്ട് ഒമാൻ വഴി യു.എ.ഇയിലെത്തിയ കോഴിക്കോട് അത്തോളി സ്വദേശിനി ഷെക്കീന (48) സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. പാസ്പോർട്ടോ വിസയോ മറ്റു രേഖകളോ ഒന്നുമില്ലാതെ ഷെക്കീനയെ ഏജന്റ് അനധികൃതമായി യു.എ.ഇയിൽ എത്തിക്കുകയായിരുന്നു.
ഫ്രീവിസ എന്നുപറഞ്ഞ് ഇവരുടെ കൈയിൽനിന്ന് മൂന്നുലക്ഷം രൂപ വാങ്ങിയാണ് കബളിപ്പിച്ചത്. 2018ലാണ് ഷെക്കീന നാട്ടിലുള്ള ഏജന്റ് മുഖേന ഒമാനിൽ എത്തുന്നത്. ഒമാനിലും യു.എ.ഇയിലും ജോലി ചെയ്യാൻ പറ്റുന്ന വിസയെന്ന് പറഞ്ഞാണ് ഒമാനിലെത്തിച്ചത്. അവിടെ ജോലി ശരിയാകാതെ വന്നപ്പോൾ ഏജന്റിനെ ബന്ധപ്പെട്ടു. അയാളുടെ ഒരു സഹായി പാസ്പോർട്ടോ മറ്റ് രേഖകളോ ഒന്നും നൽകാതെ യു.എ.ഇയിൽ എത്തിച്ച് മുങ്ങി.
ഭാഷയോ നിയമമോ ഒന്നും അറിയാത്ത ഷെക്കീന അനധികൃതമായി യു.എ.ഇയിൽ തുടരുകയും വീട്ടുജോലി ചെയ്ത് ജീവിക്കുകയുമായിരുന്നു.
എന്നാൽ, പാസ്പോർട്ടോ മറ്റു അനുബന്ധ രേഖകളോ ഇല്ലാതെ യു.എ.ഇയിൽ തുടർന്നതുമൂലം നിയമ പ്രതിസന്ധിയിൽ അകപ്പെട്ടു. ഇവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി ബി.എൽ.എസ് സെന്ററുമായി ബന്ധപ്പെട്ട് എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങുകയും ദുബൈ എമിഗ്രേഷന്റെ സഹായത്തോടെ ഔട്ട്പാസ് തരപ്പെടുത്തുകയും ചെയ്തു.
സാമൂഹിക പ്രവർത്തകരായ ഷീജ ഷെഫീഖ്, ഭർത്താവ് അൻവർ ഷെഫീഖ് എന്നിവർ നാട്ടിലേക്കുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്തു. ശേഷം ഷീജയും ദിൽന, ഫാസി, ജിഷ, മഞ്ജു, സജന, ഷിനി എന്നിവരുമുൾപ്പെടുന്ന വനിത കൂട്ടായ്മ ടിക്കറ്റ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകി ഷെക്കീനയെ നാട്ടിലേക്ക് കയറ്റിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.