തിരുവനന്തപുരം: ജയിലിലേക്ക് മൊബൈൽ ഫോൺ ഒളിപ്പിച്ച് കയറ്റിയാലും ഇനി അതിൽനിന്നുള്ള ഫോൺ വിളി ശ്രമകരമാകും. അനധികൃത േഫാൺ ഉപയോഗം തടയാൻ മൊബൈൽ എൻഹാൻസ്ഡ് സ്പെക്ട്രം അനലൈസർ (എം.ഇ.എസ്.എ) സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ജയിൽ വകുപ്പിെൻറ നീക്കം. ഫോൺ കാളുകൾ പരിശോധിക്കാനും തടയാനുമായി ജയിൽ വളപ്പിൽ പ്രത്യേക ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്. ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.
തടവുകാർക്ക് വീട്ടിലേക്ക് ഫോൺ ചെയ്യാൻ ജയിലുകളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പല പ്രമുഖ കുറ്റവാളികളും ജയിലിൽ സ്വന്തമായി മൊബൈൽഫോൺ സൂക്ഷിക്കുന്നുണ്ടെന്നും അതുവഴി കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്നും വ്യക്തമായ സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ ദേശീയ സമ്മേളനത്തിൽ തിഹാർ ജയിൽ അധികൃതരാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
ഒരു കോടി രൂപയാണ് ടവർ സ്ഥാപിക്കാനുള്ള ചെലവ്. സംസ്ഥാനത്തെ എല്ലാ മൊബൈൽ സേവനങ്ങളും ലഭിക്കുന്ന ടവർ ജയിൽ വളപ്പിൽ സ്ഥാപിക്കുന്നതാണ് ആദ്യഘട്ടം. ടവറിലേക്ക് വരുന്ന കാളുകൾ ടെലിഫോൺ വിങ് ദിവസവും പരിശോധിക്കും. ആവശ്യമില്ലാത്ത കാളുകൾ ബ്ലോക്ക് ചെയ്യും. ജയിലിനുള്ളിലേക്ക് രഹസ്യമായി മൊബൈൽ കടത്തിയാലും ഫോൺ വിളിക്കുമ്പോൾ ടവർ പരിശോധനയിൽ കുടുങ്ങും.
അഞ്ചു വർഷം; പിടികൂടിയത് 75ഓളം ഫോണുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മിന്നൽ പരിശോധനകളിൽ പിടികൂടിയത് 75 ഓളം മൊബൈൽ ഫോണുകൾ. കണ്ണൂരിൽനിന്ന് മുപ്പതും വിയ്യൂരിൽനിന്ന് ഇരുപത്തേഴും േഫാണുകളാണ് പിടിച്ചെടുത്തത്. 2017ൽ 12, 2018ൽ രണ്ട്, 2019ൽ 16, 2020ൽ 26, ഈവർഷം ഇതുവരെ 16 ഫോണുകളും കണ്ടെടുത്തതായാണ് ഔേദ്യാഗിക കണക്ക്. തിരുവനന്തപുരം വനിതാ ജയിലിൽനിന്ന് രണ്ടു ഫോണുകളും പിടികൂടി. സിം കാർഡ്, പവർ ബാങ്ക്, ബാറ്ററി, ബ്ലൂടൂത്ത് ഇയർബഡ്, യു.എസ്.ബി കേബിൾ, ഡേറ്റാ കേബിൾ, കാർഡ് റീഡർ തുടങ്ങിയവയും വിവിധ ജയിലുകളിൽനിന്ന് പിടിച്ചെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.