കാക്കനാട്: വാഴക്കാലക്ക് സമീപം പടമുകളിൽ വാഹനാപകടത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മരണപ്പെട്ട സംഭവത്തിൽ രണ്ടുപേർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശി സവിൻ, ഇടുക്കി സ്വദേശി ദിലീപ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. ഇരുവരുടെയും ലൈസൻസ് താൽക്കാലികമായി റദ്ദ് ചെയ്തതായി എറണാകുളം ആർ.ടി.ഒ അറിയിച്ചു.
ജനുവരി മൂന്നാം തീയതിയായിരുന്നു സംഭവം. കുണ്ടുവേലി ഓലിക്കുഴിയിൽ താമസിക്കുന്ന അബ്ദുൽ സലാമിെൻറ മകൻ കെ.എ. മുഹമ്മദ് അസ്ലമാണ് (14) മരണപ്പെട്ടത്. പടമുകൾ പള്ളിയിൽനിന്ന് മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അസ്ലമിെൻറ സൈക്കിളിൽ സവിൻ ഓടിച്ചിരുന്ന ഓട്ടോ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട സൈക്കിൾ റോഡിലേക്ക് തെറിച്ചുവീഴുകയും അതേദിശയിൽ തന്നെയുണ്ടായിരുന്നു ടാങ്കർ ലോറി ദേഹത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
സംഭവത്തിൽ ഒന്നാം പ്രതിയായ ഓട്ടോ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ജിനു ജോണിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് പിന്നാലെയാണ് സവിനും ടാങ്കർ ലോറി ഡ്രൈവറായ ദിലീപ് കുമാറിനുമെതിരെ നടപടിയെടുത്തത്. അപകടമുണ്ടായ സ്ഥലത്ത് ഇരുവരുമായി തെളിവെടുത്തിരുന്നു. ഇതിനു പുറമേ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കൂടി സ്വീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.