ന്യൂഡൽഹി: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നാടകത്തിനിടെ സ്റ്റേജിൽവെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. 45കാരനായ ബിംബാദർ ഗൗഡയാണ് അറസ്റ്റിലായത്. റാലാബ് ഗ്രാമത്തിലാണ് സംഭവം. രാമായണത്തിലെ അസുരന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ പന്നിയുടെ വയർ കീറി സ്റ്റേജിൽവെച്ചു തന്നെ ഭഷിക്കുകയായിരുന്നു.
സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മൃഗ പീഡനത്തിനും വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനുമാണ് ബിംബാദർ ഗൗഡയെ അറസ്റ്റ് ചെയ്തത്. സംഘാടകരിൽ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 24ന് ഹിൻജിലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകം നടന്നത്. ജനക്കൂട്ടത്തെ ആകർഷിക്കാനാകാം ഇത്തരം പ്രകടനം നടത്തിയതെന്ന് പൊലീസ് പറയുന്നു.
നാടകത്തിനിടെ ഇവർ പാമ്പുകളെയും പ്രദർശിപ്പിച്ചു. പാമ്പുകളെ സ്റ്റേജിൽ കൊണ്ടുവന്നവർക്കായുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ പൊതുസ്ഥലത്ത് പാമ്പിനെ കൊണ്ടുവരുന്നത് സംസ്ഥാന ഭരണകൂടം നിരോധിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ ബി.ജെ.പി നിയമസഭാംഗങ്ങൾ സംഭവത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് മൃഗാവകാശ സംഘടനകളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.