representative image

വയോധികന് മർദനം; മരുമകനും കുടുംബത്തിനുമെതിരെ കേസ്

കണ്ണൂർ: വയോധികനും രോഗിയുമായ വ്യക്തിയെ ക്രൂരമായി മർദിച്ച മരുമകനും കുടുംബത്തിനുമെതിരെ മനുഷ്യാവകാശ കമീഷന്‍റെ നിർദേശപ്രകാരം വളപട്ടണം പൊലീസ് കേസെടുത്തു. മർദനത്തിൽ കർണപടം പൊട്ടിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് ചിറക്കൽ സ്വദേശി മണ്ടേൻ ശ്രീധരൻ സമർപ്പിച്ച പരാതിയിൽ അടിയന്തരനടപടി സ്വീകരിക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2021 ഫെബ്രുവരി 21നാണ് സംഭവം. മുളപ്പാലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ശ്രീധരൻ നിലവിൽ താമസിക്കുന്നത്. 44 വർഷം ഗൾഫിൽ ജോലിചെയ്ത ശ്രീധരൻ 2009ലാണ് പനങ്കാവിലുള്ള വീട്ടിലെത്തിയത്. ഇദ്ദേഹം ഗൾഫിലുള്ള സമ്പാദ്യം ചെലവഴിച്ച് പത്തര സെന്റ് സ്ഥലത്ത് നിർമിച്ച വീട്ടിൽ താമസിക്കുന്നത് സഹോദരീപുത്രനും മരുമകനുമായ ചന്ദ്രനും ഇയാളുടെ ഭാര്യയും മൂന്നു മക്കളുമാണ്.

സംഭവദിവസം ഉച്ചക്ക് വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീധരനും മരുമകനും കുടുംബവുമായി തർക്കം നടന്നു. തുടർന്ന് ശ്രീധരന്‍റെ ഇടതുചെവിയിൽ ചന്ദ്രനും കുടുംബവും ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിൽ കർണപടം പൊട്ടിയതിനെ തുർന്ന് പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. പിന്നീട് ശ്രീധരൻ മനുഷ്യാവകാശ കമീഷനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.

Tags:    
News Summary - old man attacked brutally; Case against son-in-law and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.