കോട്ടയം: ഓൺലൈൻവഴി പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജ ഭവനിൽ എസ്. വിഷ്ണുവിനെയാണ് (25) കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മുതൽ കടുത്തുരുത്തി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി ഇയാൾ പലപ്പോഴായി 12 ലക്ഷത്തോളം രൂപയും വിലകൂടിയ മൊബൈൽ ഫോണും അനുബന്ധ സാധനങ്ങളും തട്ടിയെടുക്കുകയായിരുന്നു. 2018ൽ സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കിയ വിഷ്ണു, ഇതിൽനിന്ന് കടുത്തുരുത്തി സ്വദേശിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ചങ്ങാത്തത്തിലാവുകയുമായിരുന്നു.
സ്ത്രീയുടെ പേരിൽ ചാറ്റിങ് നടത്തിയിരുന്ന വിഷ്ണു, നഗ്നവിഡിയോകളും ഫോട്ടോകളും ഇയാൾക്ക് അയച്ചുകൊടുക്കുകയും യുവാവിന്റെ നഗ്നഫോട്ടോ കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഈ ഫോട്ടോകൾ കുടുംബത്തിനും വീട്ടുകാർക്കും അയച്ചുകൊടുക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പലതവണ ഇങ്ങനെ പണം അയച്ചുകൊടുത്തു.
കഴിഞ്ഞദിവസം 15 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ യുവാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയുമായിരുന്നു. സൈബർ പൊലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഫേസ്ബുക്കിലെ സ്ത്രീയുടെ ഐ.ഡി യുവാവാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനിടയില്‍ പണംനല്‍കാന്‍ ഒരുദിവസം താമസിച്ചതിനാല്‍ 20 ലക്ഷം നല്‍കണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നുവെന്ന് സൈബർ പൊലീസ് പറഞ്ഞു.
ഇതോടെ സൈബർ പൊലീസ് യുവാവിനെ മുൻനിർത്തി 20 ലക്ഷം രൂപ നൽകാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി പ്രതിയെ കുടുക്കുകയായിരുന്നു. തിരുവനന്തപുരം കിളിമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയപ്പോൾ പൊലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. പൊലീസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ വ്യാജ ഐ.ഡി വഴി പലരിൽനിന്ന് പണം തട്ടിയെടുത്തതായി കണ്ടെത്തി.
യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് അവരുടെ നഗ്നഫോട്ടോ കൈക്കലാക്കി ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇയാളുടെ രീതി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വർഗീസ് ടി.എം, കോട്ടയം സൈബർ സ്റ്റേഷൻ എസ്.എച്ച്.ഒ വി. ആർ. ജഗദീഷ് ,എസ്.ഐ ജയചന്ദ്രൻ, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഒമാരായ രാജേഷ് കുമാർ, ജോർജ് ജേക്കബ്, അജിത പി.തമ്പി,സതീഷ് കുമാർ, ജോബിൻസ്, അനൂപ്, സുബിൻ, കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.