കഴക്കൂട്ടം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ ചാന്നാങ്കര സ്വദേശിയായ രഹ്നയുടെ പക്കൽനിന്ന് 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ മൂന്നുപേരെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശികളായ അരുൺകുമാർ (32), സഞ്ജയ് (21), ഉബൈദ് (19) എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് വാട്സ് ആപ്. ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സ്ക്രീൻ ഷോട്ടും ലിങ്കും ഷെയർ ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ബിസിനസ് നടത്തുമ്പോൾ ദിവസവും 5000ത്തോളം രൂപ ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് സംഘം പലരെയും വലയിൽ വീഴ്ത്തിയത്. നിരവധി പേർ ഇത്തരം തട്ടിപ്പിനിരയായതായി പൊലീസിന് വിവരം ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ഇതിനിടെയാണ് പ്രതികളെ വലയിലാക്കിയത്.
തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാൽ എത്രയും വേഗം സൈബർ ക്രൈം പോർട്ടൽ നമ്പറായ 1930ൽ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ ബി.സ്. സാജൻ, എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ ജ്യോതിഷ്, ജി.എസ്.സി.പി.ഒ അനീഷ്, സി.പി.ഒ സുരേഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.