മേപ്പാടി: കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ചു പരിക്കേൽപിച്ച സംഭവത്തിൽ ഒരാളെ കൂടി മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.
കടൽമാട് കമ്പാളകൊല്ലി, കൊച്ചുപുരക്കൽ വീട്ടിൽ വേട്ടാളൻ എന്ന അബിൻ കെ. ബോവസിനെയാണ് (29) മേപ്പാടി പൊലീസ് ഡാൻസഫ് സ്ക്വാഡിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ബത്തേരി മണിച്ചിറയിൽ വെച്ചാണ് പിടികൂടിയത്. ഈ കേസിൽ മലപ്പുറം, കടമ്പോട്, ചാത്തൻചിറ വീറ്റിൽ ബാദുഷ (26), മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ് (29) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. 2021ൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വളശ്ശേരി എന്ന സ്ഥലത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബിൻ.
മേയ് അഞ്ചിന് പുലർച്ച വടുവാഞ്ചൽ ടൗണിൽ വെച്ചാണ് സംഭവം. തോമ്മാട്ടുച്ചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതായി ആരോപിച്ച് എട്ടോളം ആളുകൾ ചേർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മർദിക്കുകയായിരുന്നു. കാറിന്റെ താക്കോൽ കവർന്നെടുക്കുകയും ചെയ്തു. തുടർന്ന്, വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മർദനത്തിൽ യുവാവിന്റെ കാൽപാദത്തിന്റെ എല്ലുപൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. എസ്.ഐമാരായ രജിത്ത്, ഹരീഷ്, സി.പി.ഒ ഹാഫിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.