അഞ്ചൽ: വൃദ്ധസദനത്തിലെ അന്തേവാസിയെ സ്ഥാപനത്തിന്‍റെ സെക്രട്ടറി ചൂരൽ കൊണ്ട് അടിച്ചതായി പരാതി.അഞ്ചൽ പനയഞ്ചേരിയിൽ പ്രവർത്തിക്കുന്ന അർപ്പിത സ്നേഹാലയത്തിന്‍റെ സെക്രട്ടറി അഞ്ചൽ ടി. സജീവനെതിരേയാണ് പരാതി. ഈ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ എരൂർ സ്വദേശി ജസീം സലീമാണ് ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയതും അന്തേവാസിയെ മർദ്ദിക്കുന്നതായ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതും. സംഭവം പ്രചരിച്ചതോടെ ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സ്നേഹാലയത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. മഹിളാ അസോസിയേഷൽ ജില്ല സെക്രട്ടറി സുജ ചന്ദ്രബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.
സ്ഥാപനത്തിൽ പ്രാർത്ഥന നടക്കുന്ന സമയത്ത് ഉറങ്ങി എന്ന കാരണത്താൽ വൃദ്ധയെ ചൂരൽകൊണ്ട് മർദിക്കുന്നതും മോശമായ രീതിയിൽ സംസാരിക്കുകയും എഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത അന്തേവാസിയെ എഴുന്നേൽപ്പിച്ചുനിർത്തുന്നതുമുൾപ്പടെയുള്ള രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്നാൽ, സാമ്പത്തിക ക്രമക്കേട് കാട്ടിയതിനാൽ സ്ഥാപനത്തിൽ നിന്നും പിരിച്ചു വിടപ്പെട്ടതിലുള്ള ശത്രുത കാരണം ജസീം എന്ന മുൻ ജീവനക്കാരൻ സ്ഥാപനത്തിനെതിരേ നടത്തുന്ന കുപ്രചരണങ്ങളാണിതെന്നും താൻ അന്തേവാസികളെ അടിച്ചിട്ടില്ല എന്നും കസേരയിൽ തട്ടിശബ്ദമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും സെക്രട്ടറി സജീവൻ പറഞ്ഞു.സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസ് കേസെടുത്തതായി അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.