കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയെന്നാക്ഷേപം. താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പ്രസിഡന്റ് രേഖാദാസിനോട് അപമര്യാദയായി പെരുമാറിയ ഇളങ്ങുളം സ്വദേശി രാജുവിനെയാണ് (62) ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി 15 ദിവസത്തേക്ക് ജോലിയില്‍നിന്ന് നീക്കിയത്.
ഇക്കഴിഞ്ഞ 11നാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് ചികിത്സയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനാണ് ആശുപത്രി കവാടത്തിലെത്തിയത്. ഒമിക്രോണ്‍ സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ ബന്ധുവിന്റെ ഫോണ്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ അകത്തുള്ള ആരെയെങ്കിലും കവാടത്തിലേക്ക് വിളിച്ചുതരണമെന്നും ഭക്ഷണവും വസ്ത്രവും നല്‍കാനാണെന്നും പറഞ്ഞെങ്കിലും അപമര്യാദയായി പെരുമാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു രാജുവും പരാതി നൽകിയിരുന്നു. വന്നത് പഞ്ചായത്ത് പ്രസിഡന്റ് ആണെന്ന് അറിയില്ലായിരുന്നുവെന്നും തെറ്റുപറ്റിയതിന് മാപ്പുപറഞ്ഞതായും സസ്പെന്‍ഷനിലായ ജീവനക്കാരന് രാജു പറഞ്ഞു. എന്നാല്‍, സാധാരണക്കാരിയായ ഒരു സ്ത്രിക്ക് കിട്ടേണ്ട മര്യാദ ജീവനക്കാരനില്‍നിന്ന് ലഭിച്ചില്ലെന്ന് രേഖാദാസ് പറഞ്ഞു. താന്‍ പ്രവേശനാനുവാദം ചോദിച്ചില്ല, കിടപ്പുരോഗിക്ക് ഒപ്പമുള്ളയാളിന് ഭക്ഷണവും വസ്ത്രവും എത്തിക്കാന്‍ സഹായം ചോദിക്കുക മാത്രമാണ് ചെയ്തത്. വനിതയെന്ന പരിഗണനപോലും കാട്ടാതെ ആക്ഷേപിച്ചതിനാലാണ് പരാതി നല്‍കിയതെന്നും അയാളെ വിളിച്ചുവരുത്തി തിരുത്തണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.