ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച സാഹിൽ ഗെഹ്ലോട്ട്, വിവാഹത്തിന്റെയും വിവാഹ നിശ്ചയത്തിന്റെയും ഫോട്ടോകൾ തന്റെ മൊബൈലിൽ നിന്ന് നീക്കിയതായി പൊലീസ്. ഫെബ്രുവരി ഒമ്പതിനു നടന്ന വിവാഹ നിശ്ചയത്തിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത് സാഹിൽ ആഘോഷിക്കുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്.
നാലു വർഷമായി സാഹിലിനൊപ്പം ജീവിക്കുന്ന നിക്കി, വിവാഹ നിശ്ചയ വിവരമറിഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 10നായിരുന്നു വിവാഹം. ഒരു കൊലപാതകിയുടെ ഭാവഭേദങ്ങൾ ഒന്നുമില്ലാതെയാണ് സാഹിൽ വിവാഹത്തിൽ പങ്കെടുത്തത്.
വാടക വീട്ടിൽ അവസാനമായി നിക്കിയെ കണ്ടത് ഫെബ്രുവരി ഒമ്പതിനാണ്. വീടിന്റെ സി.സി.ടി.വിയിൽ നിന്നാണ് ഇത് പൊലീസ് കണ്ടെത്തിയത്. സാഹിൽ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചത് നിക്കി അറിഞ്ഞിരുന്നില്ല. 2018മുതൽ ഇരുവരും ഒരുമിച്ച് താമസിക്കുകയാണ്.
വിവാഹ നിശ്ചയത്തിനു ശേഷം പുലർച്ചെ ഒരുമണിയോടെ സാഹിൽ ബന്ധുവിന്റെ കാറുമായി നിക്കിയുടെ വീട്ടിലേക്ക് വരുന്നുണ്ട്. സാഹിൽ വീട്ടിൽ പ്രവേശിക്കുന്നത് അഞ്ച് മണിയോടെയാണ്. പിന്നെ വീട്ടിൽ നിന്ന് നിക്കിയും സാഹിലും പുറത്തുകടന്നു. അതേ കാറിൽ തന്നെയാണ് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നത്. ട്രെയിൻ വഴി ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി.
നിക്കി യാദവിനും ഒപ്പം പോകാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ടിക്കറ്റ് കിട്ടിയില്ലെന്നാണ് സാഹിൽ പറഞ്ഞത്. പിന്നീട് ഹിമാചൽ പ്രദേശിലേക്ക് പോകാൻതീരുമാനിക്കുകയായിരുന്നു. ഒരുമിച്ച് യാത്രക്ക് പദ്ധതിയിട്ട് നിക്കിയെ ഉപേക്ഷിക്കാനായിരുന്നു സാഹിൽ തീരുമാനിച്ചത്. ബസ്ടിക്കറ്റ് കിട്ടാത്തതിനാൽ യാത്ര നടന്നില്ല. കശ്മീർ ഗേറ്റിനടുത്ത് കാർ പാർക്ക് ചെയ്തു. മണിക്കൂറുകളോളം കാറിനുള്ളിൽ അവർ കലഹിച്ചു.
ഫെബ്രുവരി 10ന് വിവാഹമാണ്. ബന്ധുക്കൾ സാഹിലിനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. ഒമ്പതു മണിയായപ്പോൾ, മൊബൈൽ കേബിൾ ഉപയോഗിച്ച് സാഹിൽ നിക്കിയെ കൊലപ്പെടുത്തി. കാറിൽ മൃതദേഹവുമായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ധാബയിൽ ഉപേക്ഷിച്ചു. അതിനു ശേഷം വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. വിവാഹ ദിവസം എല്ലാവരും ഉറങ്ങിയപ്പോൾ, പുലർച്ചെ മൂന്നു മണിയോടെ എഴുന്നേറ്റ് മറ്റൊരു കാറിൽ ധാബയിലെത്തി നിക്കിയുടെ മൃതദേഹം ഉപേക്ഷിക്കാൻ തയാറെടുത്തു. ധഖബയിലെ ഫ്രിഡ്ജിലായിരുന്നു മൃതദേഹം സൂക്ഷിച്ചത്. നിക്കിയുടെ മൊബൈലിലെ വിവരങ്ങൾ സാഹിൽ മായ്ച്ചു കളയുകയും ചെയ്തു. നാലുദിവസത്തിനു ശേഷമാണ് കൊലപാതക വിവരം പൊലീസ് അറിഞ്ഞത്. നിക്കി യാദവിനെ കാണാനില്ലെന്ന് അയൽക്കാർ പരാതി നൽകിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.