നീലേശ്വരം: കാക്കിയുടെ നന്മമനസ്സിൽ നിർമിച്ച സ്നേഹവീട് നാളെ കൈമാറും. പൊലീസ് കാരുണ്യത്തിൽ ബിന്ദുവിന് മേഴ്സി കോപ്സ് വീടൊരുക്കി. മടിക്കൈ എരിക്കുളം ആലമ്പാടി ഗവ. യുപി സ്കൂളിന് സമീപം പ്ലാസ്റ്റിക് മേഞ്ഞ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന അസുഖ ബാധിതയും വിധവയുമായ ബിന്ദുവിനാണ് മേഴ്സി കോപ്സ് വീട് നിർമിച്ച് നൽകുന്നത്.
ജനമൈത്രി പൊലീസിന്റെ ഗൃഹസന്ദർശന വേളയിലാണ് വൃക്കരോഗിയും വിധവയുമായ ബിന്ദുവും പ്രായമായ അമ്മയും മകൻ ദിൽജിത്തും ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതജീവിതം നയിക്കുന്നതുകണ്ടത്. ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളിയും എം.ശൈലജയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആവശ്യമായ സഹായം നൽകി. തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മേഴ്സി കോപ്സ് വീട് നിർമാണം ഏറ്റെടുക്കുകയും ചെയ്തു.
സാമ്പത്തികമായും സാമൂഹികമായും പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്ക് കൈത്താങ്ങാവുക എന്ന ഉദ്ദേശ്യത്തോടെ 2012ൽ തൃശൂർ ആസ്ഥാനമാക്കി തുടങ്ങിയ സംഘടനയാണ് മേഴ്സി കോപ്സ്. 2021 നവംബർ 29ന് ജില്ല പൊലീസ് മേധാവി പി.ബി. രാജീവാണ് വീടിന്റെ തറക്കല്ലിടൽ നടത്തിയത്. നാലു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ബുധനാഴ്ച താക്കോൽ ദാനം നടത്തുകയാണ്. കണ്ണൂർ റേഞ്ച് ഐ.ജി രാഹുൽ പി. നായർ താക്കോൽ ദാനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.