പന്തളം: 20 വർഷം മുമ്പ് ഭാര്യയുമായി പിണങ്ങി നാടുവിട്ട പട്ടാളക്കാരനെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട ഓമല്ലൂർ പന്ന്യാലി ചെറുകുന്നിൽ വീട്ടിൽ വേണുഗോപാലിനെ (59) യാണ് പന്തളം പൊലീസ് കണ്ടെത്തിയത്. പട്ടാളത്തിൽ എൻജിനീയറായിരുന്ന വേണുഗോപാൽ 2000 ജനുവരി 14ന് ഭാര്യ രാധയുടെ പന്തളം മുളമ്പുഴയിലെ വീട്ടിൽ എത്തിയിരുന്നു.
തിരികെ ജോലി സ്ഥലത്ത് പോകുമ്പോഴായിരുന്നു കാണാതായത്. 2000 ജനുവരി 20ന് വേണുഗോപാലിനെ കാണാനില്ലെന്ന് പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം കൊല്ലത്ത് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എ.എസ്.ഐ അജിതകുമാർ, സി.പി.ഒമാരായ കൃഷ്ണദാസ്, ജയപ്രകാശ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ആശ്രാമം ഗ്രീൻ പെപ്പർ ഹോട്ടലിൽനിന്നുമാണ് വേണുഗോപാലിനെ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയെ തുടർന്ന് മിലിട്ടറി ജോലി ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. ബംഗളൂരു, ഗുരുവായൂർ, കൊല്ലം എന്നിവിടങ്ങളിൽ ഹോട്ടലുകളിൽ ജോലി നോക്കി വരുകയായിരുന്നു. നാട്ടിൽ ആരുമായും ബന്ധമില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാളെ അടൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.