ഫറോക്ക്: കൊലപാതക കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഫറോക്ക് നല്ലൂർ ചെനക്കൽ സുധീഷ് കുമാർ എന്ന മണ്ണെണ്ണ സുധിയുടെ (40) ചിത്രമാണ് ഫറോക്ക് പൊലീസ് പുറത്തുവിട്ടത്.
വാക്കുതർക്കത്തെ തുടർന്ന് 60കാരൻ മരിച്ച സംഭവത്തിൽ ജനുവരി 19ന് ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഫാറൂഖ് കോളജ് ചുള്ളിപറമ്പ് മടവൻ പാട്ടിൽ ഹൗസിൽ അർജുനൻ (60) ആണ് മെഡിക്കൽ കോളജ് ചികിത്സയിലിരിക്കെ ജനുവരി 19ന് മരിച്ചത്. ജനുവരി ഒമ്പതിന് രാത്രി ഫറോക്ക് ചുങ്കം മാർക്കറ്റ് റോഡിൽ വെച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും അർജുനന് മർദനമേൽക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കിടന്നത്. മകളുടെ പരാതിയിൽ ജനുവരി 13ന് ഫറോക്ക് പൊലീസ് സുധീഷിനെതിരെ ആദ്യം മർദനത്തിന് കേസെടുത്തിരുന്നു. ഇരുമ്പുകൊണ്ട് തലക്ക് അടിച്ചതായാണ് മകളുടെ പരാതിയിലുണ്ടായിരുന്നത്.
നിരവധി കേസുകളിൽ പ്രതിയാണ് സുധീഷെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റ അർജുനൻ മരിച്ചതോടെയാണ് സുധീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഒരു മാസമായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്നാണ് പ്രതിയുടെ ചിത്രം പുറത്തുവിട്ടത്. ഇയാളെ പറ്റി വിവരം അറിയുന്നവർ ഫറോക്ക് പൊലീസിൽ അറിയിക്കണമെന്ന് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497947231, 04952482230.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.