കല്ലടിക്കോട്: രണ്ടു വർഷം മുമ്പ് പൊലീസ് വാഹനത്തിൽ ഇടിച്ച്, നാശനഷ്ടം വരുത്തി വാഹനം നിർത്താതെ പോയ കേസിലെ അഞ്ചംഗ സംഘത്തിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തൂർ അരക്കുപറമ്പ് കൃഷ്ണകുമാർ (ബാബു -32) ആണ് അറസ്റ്റിലായത്. പല തവണ ഇയാളെ പിടികൂടാനുള്ള ശ്രമം നടത്തിയപ്പോഴും ഇയാൾ ഒളിവിൽ പോയി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
55ാം മൈലിൽ വെച്ച് അന്വേഷണ സംഘം പിടികൂടിയ പ്രതിയെ സ്റ്റേഷനിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മണ്ണാർക്കാട്, നാട്ടുകൽ സ്റ്റേഷനുകളിൽ അടിപിടി കേസിൽ പ്രതിയാണ് ഇയാൾ. നേരത്തെ ഇതേ കേസിൽ മണ്ണാർക്കാട് മൈലാംപാടം പള്ളിക്കുന്ന് ലത്തീഫ് (44), കരിമ്പ ഇടക്കുർശ്ശി നെല്ലിക്കുന്ന് രതീഷ് (42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
2020 ജനുവരി എട്ടിന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ ഇടക്കുർശി ഭാഗത്ത് നടന്ന വാഹന പരിശോധനയിൽ യുവാവ് സഞ്ചരിച്ച വാഹനം നിർത്താതെ പോയി. തുടർന്ന് പൊലീസ് വാഹനത്തിൽ പിന്തുടർന്ന് പോകുന്നതിനിടയിൽ പൊന്നംകോട് ഭാഗത്ത് പ്രതികൾ സഞ്ചരിച്ച സ്കോർപിയോ വാൻ പൊലീസ് ജീപ്പിലിടിച്ച് നാശം വരുത്തുകയായിരുന്നു. പ്രതികളായ അഞ്ചംഗ സംഘത്തിലെ പലരും ചന്ദനക്കള്ളക്കടത്ത്, സ്പിരിറ്റ് കടത്ത് കേസുമായി ബന്ധമുള്ളതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, കല്ലടിക്കോട് എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐമാരായ ഡൊമനിക് ദേവരാജ്, അബ്ദുൽ സത്താർ, എ.എസ്.ഐമാരായ ബഷീർ, മുരളി, സി.പി.ഒമാരായ സൈഫുദ്ദീൻ, ഹാരിസ്, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.