നെടുങ്കണ്ടം: വ്യാപാര സ്ഥാപനത്തിൽനിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി. പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തിൽനിന്നാണ് പൊലീസുകാരൻ 1000രൂപ മോഷ്ടിച്ചത്. കടയുടമ അറിയിച്ചതനുസരിച്ച് എത്തിയവർ ഇദ്ദേഹത്തെ പിടിച്ചു നിർത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നൽകി തടിയൂരി.
പൊലീസ് അസോ. ജില്ല ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയിൽനിന്ന് കൈയിട്ടുവാരിയത്. സ്പെഷൽ ബ്രാഞ്ച് വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. 'കള്ളനായ' പൊലീസുകാരൻ ഇപ്പോൾ ശബരിമല സ്പെഷൽ ഡ്യൂട്ടിയിലാണ്. കഴിഞ്ഞ 24നാണ് സംഭവം. കടയിലെ നിത്യസന്ദർശകനാണ് പൊലീസുകാരൻ. ഒരിക്കൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഈ കടയിൽനിന്ന് പിടിച്ചെടുത്തിരുന്നു. അന്നുമുതലാണ് ഇയാൾ സ്ഥിരം സന്ദർശകനായത്. പൊലീസുകാരൻ വന്നു പോയിക്കഴിഞ്ഞാൽ പണപ്പെട്ടിയിൽ പണം കുറയുന്നതായി സംശയം തോന്നിയ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. അങ്ങനെയാണ് കഴിഞ്ഞ 24ന് പിടികൂടിയത്.
പതിവുപോലെ കടയിലെത്തിയ പൊലീസുകാരൻ സോഡ നാരങ്ങ വെള്ളം ഓർഡർ ചെയ്തു. ഉടമ നാരങ്ങവെള്ളം എടുക്കുന്നതിനിടെ പതിവുപോലെ പണപ്പെട്ടിയിൽനിന്ന് 1000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടർന്നാണ് കള്ളനെ കൈയോടെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.