ചാവക്കാട്: മന്ദലാംകുന്നിൽ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുതുപൊന്നാനി മുനമ്പം റോഡ് ആല്യാമിൻറകത്ത് മുബശിറിനാണ് (26) വെട്ടേറ്റത്. പെൺ സുഹൃത്തിന്‍റെ വീട്ടിലെത്തിയതിനെ തുടർന്നാണ് ഇയാൾ ആക്രമിക്കപ്പെട്ടത്.
കേസിൽ നാല് പ്രതികളാണുള്ളത്. ഇവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇവരിൽ രണ്ടുപേരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ, എസ്.ഐ സുജിത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിനിരയായ മുബശിർ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് യുവാവിനെ വെട്ടേറ്റ നിലയിൽ പുതുപൊന്നാനി മുനമ്പം റോഡിൽ വീടിന് സമീപം കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊന്നാനി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പൾസർ ബൈക്ക് മന്ദലാംകുന്നിൽനിന്നു കണ്ടെത്തി. പെൺസുഹൃത്തിന്‍റെ വീടിന്‍റെ പരിസരത്ത് വെച്ച് പിടിയിലായ ഇയാളെ മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയാണ് വെട്ടിപ്പരിക്കേപ്പിക്കുകയും ഇരുമ്പ് പൈപ്പുകൊണ്ട് മർദിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അവശനായ യുവാവിനെ വാഹനത്തിൽ കയറ്റി പുതുപൊന്നാനിയിലെ വീടിന് സമീപമെത്തിച്ച് റോഡരികിലിട്ട് സംഘം കടന്നുകളഞ്ഞു.
പഴങ്ങൾ വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിലെത്തിച്ച് വിൽക്കുന്ന ജോലിയാണ് മുബശിറിന്. ഒളിവിലുള്ള പ്രതികൾക്കായി പൊന്നാനി പൊലീസ് അന്വേഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.