തിരുവനന്തപുരം: ഭാര്യാപിതാവിനെയും സഹോദരനെയും കുത്തിക്കൊന്ന കേസിൽ മരുമകന് ജീവപര്യന്തം തടവും പിഴയും.
പൂജപ്പുര മുടവൻമുഗൾ അനിതാഭവനിൽ സുനിൽകുമാർ, മകൻ എസ്. അഖിൽ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുനിൽകുമാറിന്റെ മരുമകനായ മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ കല്ലുമ്മൂട് രാജീവ്ഗാന്ധി നഗറിൽ ടി.സി 42/1041ൽ ഹൗസ് നമ്പർ 17ൽ പുതുവൽപുത്തൻവീട്ടിൽ അരുണിനെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു ശിക്ഷിച്ചത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചുകയറിയതിന് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
2021 ഒക്ടോബർ ഒമ്പതിന് പ്രതിയുടെ ഗാർഹികപീഡനം സഹിക്കാനാവാതെ രണ്ടുവയസ്സുള്ള മകളുമായി ഭാര്യ എസ്. അപർണ പിതാവായ കൊല്ലപ്പെട്ട സുനിൽകുമാറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തി.
ഇതിൽ പ്രകോപിതനായ അരുൺ കൊല്ലപ്പെട്ട സുനിൽകുമാറിനെയും മകൻ അഖിലിനെയും ഫോണിലൂടെ ഭീഷണിപ്പെടുത്തി. മൂന്നുദിവസം കഴിഞ്ഞ് രാത്രി പൂജപ്പുരയിലുള്ള വീട്ടിലെത്തി സംഘർഷം സൃഷ്ടിച്ച് സുനിൽകുമാറിനെയും അഖിലിനെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രധാന സാക്ഷികളായ അപർണയും മാതാവ് ഷീനയും അയൽവാസിയായ വിനോദും പ്രതിക്കെതിരെ മൊഴി നൽകി. കുത്താനുപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും മരണപ്പെട്ട അഖിലിന്റെ രക്തം ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തിയതും പ്രതി ഡോക്ടറോട് പറഞ്ഞ കുറ്റസമ്മതമൊഴിയും പ്രധാന തെളിവുകളായി.
ജയിലിലെ നല്ലനടപ്പും പ്രതിയുടെ പ്രായവും കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ നൽകിയില്ല. പിഴത്തുക മരണപ്പെട്ട സുനിൽകുമാറിന്റെ ഭാര്യക്ക് നൽകാൻ കോടതി ഉത്തരവായി. ഇരകളായ സുനിൽകുമാറിന്റെ ഭാര്യ ഷീന, മകൾ അപർണ, ഇവരുടെ മകൾ അനാമിക എന്നിവർക്ക് സർക്കാറിന്റെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി.
പൂജപ്പുര ഇൻസ്പെക്ടറായിരുന്ന ആർ. റോജ്, എസ്.ഐ എൻ.ജി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ വട്ടപ്പാറ വി. സാജൻപ്രസാദ്, അഡ്വ. പ്രീത, അഡ്വ. പി. ബിജുലാൽ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.