അറസ്റ്റിലായ മലേക മാർഷൽ ഫ്രാൻസിസ്

75 കോടി കിട്ടാൻ 65 ലക്ഷം നൽകി വെട്ടിലായി; അന്വേഷിച്ച്​ ചെന്ന​പ്പോൾ ബാക്കിയുള്ളത്​ ഒരു പൂണെ സ്വദേശിനി മാത്രം

തിരുവനന്തപുരം: ജീവകാരുണ്യപ്രവർത്തനം നടത്താൻ ​ഒരു കോടി ഡോളർ വാഗ്ദാനം ചെയ്ത്​ തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനിയിൽനിന്ന്​ 65 ലക്ഷം രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിൽ പുണെ സ്വദേശിനി അറസ്റ്റിൽ. നൈജീരിയൻ തട്ടിപ്പ്​ സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്ന മലേക മാർഷൽ ഫ്രാൻസിസി​ (35) നെയാണ്​ തിരുവനന്തപുരം സൈബർ പൊലീസ്​ മുംബൈയിൽനിന്ന്​ പിടികൂടിയത്. തട്ടിപ്പിന് പിന്നിലുള്ള നൈജീരിയൻ സംഘത്തിന്‍റെ തലവൻ മാർക്ക് രാജ്യം വിട്ടതായാണ്​ ​പൊലീസിന്​ ലഭിച്ച വിവരം. മാർക്കിന്‍റെ ഏജന്‍റായാണ്​ മലേക പ്രവർത്തിച്ചിരുന്നത്​.

ജീവകാരുണ്യപ്രവർത്തനത്തിന്​ 10​ മില്യൺ ഡോളർ നൽകാമെന്ന്​ വാഗ്ദാനം ചെയ്ത്​ വിളപ്പിൽശാല സ്വദേശിനിക്ക്​ തട്ടിപ്പ്​ സംഘം ആദ്യം ഇ-മെയിൽ ​അയക്കുകയായിരുന്നു. തുക കൈമാറാൻ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. പിന്നീട്,​ ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന മറ്റൊരു സംഘം വിളപ്പിൽശാല സ്വദേശിനിയെ ഫോണിൽ വിളിച്ചു. തുക കൈമാറാൻ 65 ലക്ഷം രൂപ ആദായനികുതി ഒടുക്കണമെന്ന്​ ആവശ്യപ്പെട്ടു. ഇവർ നിർദേശിച്ച​ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്കായി 65 ലക്ഷം രൂപ കൈമാറി. ഇതിൽ 24 ലക്ഷം രൂപ കൈമാറിയത്​ ​പിടിയിലായ മലേകയുടെ അക്കൗണ്ടിലേക്കായിരുന്നു.

തട്ടിപ്പിന്​ പിന്നാലെ, ഇതിന്​ നേതൃത്വം നൽകിയ നൈജീരിയക്കാരനായ മാർക്ക്​ രാജ്യം വിട്ടു. ത‍ന്‍റെ അക്കൗണ്ടിലേക്ക്​ വന്ന 24 ലക്ഷം രൂപ മാർക്കിന്​ കൈമാറിയതായും 14 ലക്ഷം രൂപയാണ്​ തനിക്ക്​ ലഭിച്ചതെന്നുമാണ്​ പിടിയിലായ മലേക ​പൊലീസിനോട്​ പറഞ്ഞത്​. സി.ഐ രതീഷ്​, എസ്​.ഐ സതീഷ്​, വനിത എസ്​.ഐ ഷൈല, വനിത സീനിയർ സി.പി.ഒ ഷിനി ലാൽ, സി.പി.ഒമാരായ വിമൽ, അദീൻ എന്നിവരടങ്ങിയ സംഘമാണ്​ മലേകയെ അറസ്റ്റ്​ ചെയ്തത്​. ഇവരെ തിരുവനന്തപുരത്തെത്തിച്ച്​ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.


Tags:    
News Summary - Pune native arrested in money scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.