തലശ്ശേരി: പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ ഹരിദാസനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ. രണ്ടാം ശ്രമത്തിലാണ് ഹരിദാസനെ ആക്രമിക്കാനായതെന്ന് തലശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായ സംഭവത്തിൽ ഒരാഴ്ച മുമ്പാണ് ഹരിദാസന് നേരെയുള്ള ആദ്യത്തെ നീക്കമുണ്ടായത്. ഈ മാസം 14ന് രാത്രി പത്തരയോടെ അന്വേഷിച്ചുപോയെങ്കിലും നടന്നില്ല. നിജിൻദാസിനെയും ആത്മജനെയും ഇതിന് സമീപിച്ചതായും രണ്ടാം പ്രതി കെ.വി. വിമിൻ അന്വേഷണസംഘത്തിന് കുറ്റസമ്മതമൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. വിമിനിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ 14ന് രാത്രി 9.55 മുതൽ 10.05 വരെ വ്യത്യസ്ത സമയങ്ങളിൽ ആത്മജനുമായി നടത്തിയ സംഭാഷണത്തിന്റെ ആറ് ശബ്ദഫയലുകൾ പൊലീസിന് ലഭിച്ചു.
ഹരിദാസ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ആക്രമിക്കാനായിരുന്നു പദ്ധതി. ഹരിദാസന്റെ രാത്രി സഞ്ചാരം മനസ്സിലാക്കാൻ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ മൂന്നാംപ്രതി എം. സുനേഷിനെ ഏൽപിച്ചതായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷും കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ടിലുണ്ട്. തലേദിവസം വൈകീട്ട് 4.30ഓടെ ലിജേഷ് വാട്സ്ആപ്പ് കോൾ ചെയ്തതായി സുനേഷിന്റെ മൊഴിയിലുണ്ട്. ജോലിക്ക് വന്നതായും തിരിച്ചുവരുന്ന സമയം അറിയിക്കാമെന്നും പറഞ്ഞു. സുനേഷിന്റെ വാട്സ്ആപ്പ് കോൾഹിസ്റ്ററി പരിശോധിച്ചതിൽ ഡിലീറ്റ് ചെയ്തതായി കണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
മൊബൈൽ ഫോണിന്റെ ഇന്റർനെറ്റ് സേവനദാതാക്കളെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഒന്ന് മുതൽ നാല് വരെ പ്രതികളായ കെ. ലിജേഷ്, കെ.വി. വിമിൻ, എം. സുനേഷ്, അമൽ മനോഹരൻ എന്നിവർ ഗൂഢാലോചന നടത്തിയാണ് 21ന് പുലർച്ചെ ഹരിദാസനെ മാരകമായി വെട്ടിക്കൊന്നത്. ജാമ്യത്തിൽ വിട്ടാൽ പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഗൂഢാലോചന നടത്തിയതിന്റെ കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ട്. കൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
തലശ്ശേരി: സി.പി.എം പ്രവര്ത്തകൻ ഹരിദാസനെ (54) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘാംഗം കസ്റ്റഡിയിൽ. പുന്നോല്‍ സ്വദേശി നിജില്‍ദാസ് (34) ആണ് കസ്റ്റഡിയിലുള്ളത്. ഇയാൾ കൊലയാളി സംഘത്തില്‍പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള ആത്മജ് എന്ന ആര്.എസ്.എസ് പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ മാഹി മേഖലയില്‍ തന്നെയുള്ളതായാണ് പൊലീസിന് ലഭിച്ച സൂചന.
കടലില്‍പ്പോയ ഹരിദാസനെയും കാത്ത് നിജില്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളാണ് രണ്ടു ബൈക്കുകളിലായി വീട്ടുപരിസരത്ത് നിലയുറപ്പിച്ചത്. ഹരിദാസിനൊപ്പം മത്സ്യബന്ധനത്തിന് പോയ സുനേഷ് ആണ് കൊലയാളികള്‍ക്ക് ഹരിദാസന് വീട്ടിലേക്കുവരുന്നതിന്റെ വിവരങ്ങള്‍ വാട്സ്ആപ് വഴി നല്‍കിയത്. ന്യൂ മാഹി കൂലോത്ത് ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ അറസ്റ്റിലായ നാല് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരെ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.