കായംകുളം: നവകേരള ബസിന് സുരക്ഷ ഒരുക്കാൻ ഇറങ്ങിയതിന്റെ മറവിൽ ക്വട്ടേഷൻ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. കൊറ്റുകുളങ്ങര ഇടശേരി ജങ്ഷനിലെ മൊബൈൽ കട ഉടമ ഒറകാറശേരിൽ വഹാബിന് (ബാബുകുട്ടൻ 36) മർദനമേറ്റ സംഭവത്തിൽ എരുവ പടിഞ്ഞാറ് സ്വദേശികളായ അശ്വതി ഭവനത്തിൽ ഉണ്ണി (ഉണ്ണികൃഷ്ണൻ 27), കൃഷ്ണാലയത്തിൽ തൈബു വിഷ്ണു (26), ചേനാത്ത് വടക്കതിൽ ജിതിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയും മറ്റും പോകുന്നത് കാണാൻ കടയുടെ മുന്നിൽ നിന്ന വ്യാപാരിയെ ഇരുമ്പ് പൈപ്പും ചുറ്റികയും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. നവകേരള ടീ ഷർട്ടുധാരികൾ നടത്തിയ അക്രമണം ഏറെ വിവാദമായിരുന്നു. സംഭവം സി.പി.എമ്മിനെയും വെട്ടിലാക്കി. കേസിൽ ഉൾപ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറി അരുൻ അന്തപ്പനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാളടക്കമുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
2021 ൽ കൊറ്റുകുളങ്ങരയിൽ ബാബുകുട്ടന്റെ ബന്ധുക്കളായ കാർ യാത്രികരെ തടഞ്ഞുനിർത്തി ആക്രമിച്ച് 10 ലക്ഷത്തോളം കവർന്ന കേസിലെ പ്രതികളാണ് പിടിയിലായത്. ഇവരിൽ ചിലർക്ക് പിന്നീട് മർദനമേറ്റിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് നവകേരള സദസ്സിന്റെ മറവിൽ തീർത്തതെന്നായിരുന്നു ആക്ഷേപം. സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ ഉദയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, ഷാജഹാൻ, പ്രദീപ്, ഫിറോസ് അരുൺ, സബീഷ്, അരുൺ കൃഷ്ണൻ, വിവേക്, ശ്രീരാജ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.